സര്‍വകലാശാല ജീവനക്കാരുടെ അവധി യാത്രാസൗജന്യം പുനസൃഷ്ടിക്കാതെ സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
തിരുവനന്തപുരം: ഒന്‍പതാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സര്‍വകലാശാല ജീവനക്കാരുടെ അവധി യാത്രാസൗജന്യം പുനസൃഷ്ടിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിമൂലം ആനുകൂല്യം നിലവില്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല ജീവനക്കാരും രംഗത്തെത്തി. അതേസമയം, അധിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.ജി സര്‍വകലാശാല അയച്ച കത്തിന് ലഭിച്ച മറുപടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍ സര്‍വകലാശാലയുടെ ഫണ്ടില്‍ നിന്ന് പദ്ധതിക്ക് പണം ഉപയോഗിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് വിവിധ സര്‍വകലാശലകളുടെ സിന്‍ഡിക്കേറ്റും.
ഒന്‍പതാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയ്ക്ക് അനുസൃതമായി 2011 ല്‍ സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും ബത്തയും വര്‍ധിപ്പിച്ചിരുന്നു. ഇതിനടിസ്ഥാനമാക്കി അവധി യാത്രാസൗജന്യം പിന്നീട് നടപ്പാക്കുമെന്നും അന്നത്തെ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് രേഖാമൂലം അറിയിപ്പും നല്‍കിയിരുന്നു.
തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ സര്‍വകലാശാല ജീവനക്കാര്‍ക്ക് അവധി യാത്രാസൗജന്യം നടപ്പിലാക്കിയുള്ള ഉത്തരവ് പ്രസിദ്ധപ്പെടുത്തി. ഈ ഉത്തരവ് എം.ജി ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ നടപ്പാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ ഈ ആനുകൂല്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. അവധി യാത്രാസൗജന്യം നിലവിലെ സാഹചര്യത്തില്‍ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ജീവനക്കാര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. നിരവധി തവണ വിവിധ സര്‍വകലാശാലകള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പതിനഞ്ച് വര്‍ഷം സര്‍വിസുള്ള ജീവനക്കാര്‍ക്കായിരുന്നു ശമ്പള പരിഷ്‌കരണ കമ്മിഷന്‍ അവധിയാത്ര സൗജന്യം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ഏകദേശം 2000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുള്ള യാത്രാകൂലിയാണ് ലഭിച്ചിരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്‌സ്റ്റി എംപ്ലോയീസ് ഒര്‍ഗനൈസേഷന്‍ പ്രസിഡന്റ് എന്‍.എല്‍ ശിവകുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."