ലോകായുക്തക്ക് മുന്നിലും കുമ്മനം മലക്കം മറിഞ്ഞു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ കേസില്‍ വിജിലന്‍സിനു പിന്നാലെ ലോകായുക്തക്ക് മുന്നിലും മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ ബി.ജെ.പിക്ക് ഒരു പങ്കുമില്ലെന്നും മെഡിക്കല്‍ കോളജ് ഉടമയും അവരുടെ കണ്‍സല്‍ട്ടന്‍സിയുമായുള്ള തര്‍ക്കം ബി.ജെ.പി നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ലോകായുക്തയില്‍ മൊഴി നല്‍കി. വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞത്. ഇതേ തുടര്‍ന്ന് അന്വേഷിക്കാനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി ശ്രീശനെയും എ.കെ നസീറിനെയും ചുമതലപ്പെടുത്തി. എന്നാല്‍, പാര്‍ട്ടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഇവര്‍ ഓഫിസ് സെക്രട്ടറിയെ അറിയിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഒരു അന്വേഷണ റിപ്പോര്‍ട്ടില്ലെന്നും കുമ്മനം ലോകായുക്തക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് താന്‍ ഇതുവരെ കണ്ടിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ചില നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി എടുത്തത്. അതിന് മെഡിക്കല്‍ കോളജ് കോഴ ഇടപാടുമായി ഒരു ബന്ധവുമില്ലെന്നും കുമ്മനം മൊഴി നല്‍കി. താന്‍ കുമ്മനം രാജശേഖരന് ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജി ലോകായുക്തക്ക് മൊഴി നല്‍കിയത്. ഒരു ഹോട്ടലിലേക്ക് രണ്ടു ബി.ജെ.പി നേതാക്കള്‍ തന്നെ വിളിപ്പിച്ചു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതല്ലാതെ ഒരു മൊഴിയും ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നും ഷാജി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്ന കെ.പി ശ്രീശനും നസീറിനും നേരിട്ട് ഹാജരാകാന്‍ ലോകായുക്ത നോട്ടിസ് നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിന്റെ അഫിലിയേഷന് അഞ്ചു കോടി 60 ലക്ഷം കോഴ ഇടപാട് നടന്നുവെന്നായിരുന്നു ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."