പൊലിസിലെ ആഭ്യന്തര വിജിലന്‍സ് സെല്‍ പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: പൊലിസ് സേനയ്ക്കുള്ളിലെ അഴിമതിയും കുറ്റകൃത്യങ്ങളും തടയുന്നതിനായുള്ള ആഭ്യന്തര വിജിലന്‍സ് സെല്‍ പുനഃസംഘടിപ്പിച്ചു. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനാണ് ചീഫ് വിജിലന്‍സ് ഓഫിസര്‍. എല്ലാ ജില്ലകളിലും സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിജിലന്‍സ് സെല്ലും രൂപീകരിച്ചു.
ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് തുടങ്ങിയയിടങ്ങളില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഊമക്കത്തായി പരാതി ലഭിച്ചാല്‍ അന്വേഷിക്കേണ്ടെന്ന് വിജിലന്‍സ് സെല്‍ പുനഃസംഘടിപ്പിച്ചതായി അറിയിച്ചുകൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
പരാതി ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം. എന്തെങ്കിലും തടസംനേരിട്ടാല്‍ ഡി.ജി.പിയെ രേഖാമൂലം അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
രഹസ്യരേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ എ.ഡി.ജി.പിക്ക് കൈമാറണം. എ.ഡി.ജി.പി ഇത് രഹസ്യമായി സൂക്ഷിക്കണം. ഓരോ ജില്ലയിലെയും വിജിലന്‍സ് സെല്‍ ഓഫിസര്‍മാര്‍ ചീഫ് വിജിലന്‍സ് ഓഫസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും എ.ഡി.ജി.പി അത് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
പൊലിസിനുള്ളിലെ അഴിമതി, മൂന്നാംമുറ, ജനങ്ങളോട് മോശമായി പെരുമാറുന്നത്, കൃത്യവിലോപം എന്നിവയെല്ലാം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും.
എല്ലാ മാസവും ആദ്യ ആഴ്ച ചീഫ് വിജിലന്‍സ് ഓഫിസര്‍ അന്വേഷണം അവലോകനം ചെയ്യുകയും റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറുകയും ചെയ്യണം. കൂടാതെ എല്ലാ മാസവും അതതു സെല്ലുകളിലെ വിജിലന്‍സ് ഓഫിസര്‍മാര്‍ ജീവനക്കാരുടെ ഇടയില്‍നിന്ന് അഭിപ്രായം ആരായണം. മറ്റു ജീവനക്കാരെ കുറിച്ച് പരാതി ലഭിച്ചാല്‍ രഹസ്യമായി അന്വേഷിച്ച് ചീഫ് വിജിലന്‍സ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിലുണ്ട്.
നേരത്തേ പൊലിസില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമായിരുന്നു. പൊലിസ് സേനയില്‍ അഴിമതിയും കൃത്യവിലോപവും കൂടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വിജിലന്‍സ് പുനഃസംഘടിപ്പിക്കാന്‍ ഡി.ജി.പി തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."