കൊല്‍ക്കത്തയില്‍ മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് സര്‍ക്കാര്‍ വേദി നിഷേധിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. പരിപാടി വര്‍ഗീയതക്ക് കാരണമാകുമെന്ന് കാണിച്ചാണ് ഓഡിറ്റോറിയത്തിന്റെ അനുമതി റദ്ദാക്കിയത്.
ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തില്‍ സിസ്റ്റര്‍ നിവേദിത മിഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിക്കാണ് വേദി നിഷേധിച്ചത്.
കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ മൂന്നിന് നടത്താനുള്ള പരിപാടിക്കാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹാള്‍ ബുക്ക് ചെയ്തത്. സെപ്റ്റംബര്‍ ഒന്നിനാണ് അനുമതി നിഷേധിച്ച് സര്‍ക്കാര്‍ സംഘാടകര്‍ക്ക് കത്ത് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ മൂലമാണ് ഹാള്‍ വിട്ടുനല്‍കാത്തതെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചത്.
എന്നാല്‍, രാഷ്ട്രീയ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്നും വര്‍ഗീയ പരിപാടി അല്ലെന്നും സംഘാടകര്‍ അറിയിച്ചു. ഗവര്‍ണര്‍ ആണ് പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
സെമിനാറിന്റെ വിഷയം പ്രശ്‌നമുള്ളതല്ലെങ്കിലും സമയവും സന്ദര്‍ഭവും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വിജയദശമി,മഹാനവമി വേളയിലാണ് പരിപാടി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആര്‍.എസ്.എസും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും വിലയിരുത്തുന്നുണ്ട്. പരിപാടി മാറ്റില്ലെന്നും മറ്റൊരു വേദിയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."