അന്തര്‍ സംസ്ഥാന ബസുകള്‍ ഇനി ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തില്ല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന ബസുകള്‍ ഇനി ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തില്ല. പെട്രോള്‍ പമ്പുകള്‍, തിരക്കേറിയ ഭക്ഷണ ശാലകള്‍, ബസ് സ്റ്റേഷനുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ഇനി സ്റ്റോപ്പ് അനുവദിക്കൂ. ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ അടുത്ത ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലോ അടുത്ത ബസ് സ്റ്റേഷനിലോ മാത്രമേ ഇറക്കാന്‍ പാടുള്ളൂവെന്ന് അന്തര്‍ സംസ്ഥാന ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കെ.എസ്.ആര്‍.ടി.സി ചീഫ് ട്രാഫിക് മാനേജര്‍ നിര്‍ദേശം നല്‍കി.
ബംഗളൂരുവിന് സമീപം ചെന്നപട്ടണത്ത് കെ.എസ്.ആര്‍.ടി.സി ബസ് സായുധസംഘം കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്താന്‍ പാടില്ല. അത്യാവശ്യ ഘട്ടങ്ങള്‍ വരികയാണെങ്കില്‍ സമീപത്തെ ബസ് സ്റ്റേഷനുകളില്‍ മാത്രമേ നിര്‍ത്താവൂ.
പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഏതൊരു കാണവശാലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തരുത്. ഇക്കാര്യം യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.
അന്തര്‍ സംസ്ഥാന ബസിലേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍തന്നെ യാത്രക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തമെന്ന് എല്ലാ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, കേരളത്തിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ ബസുകള്‍ക്ക് അതാത് ജില്ലകളില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തും.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് അതിര്‍ത്തിവരെ കേരളാ പൊലിസും മറ്റിടങ്ങളില്‍ അതാതു സംസ്ഥാനങ്ങളിലെ പൊലിസും സുരക്ഷ ഒരുക്കും.
ഡി.ജി.പിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കര്‍ണാടകയും തമിഴ്‌നാടും സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചത്. ചെന്നപട്ടണത്ത് വച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ പ്രാഥമിക ആവശ്യത്തിനായി ബസ് നിര്‍ത്തിയപ്പോഴായിരുന്നു സായുധ സംഘം യാത്രക്കാരെ കൊള്ളയടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."