തെങ്ങുവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
അരൂര്‍: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചന്തിരൂര്‍ പഴയ പാലത്തിന് സമീപം കളരിക്കല്‍ മുഹമ്മദിന്റെ പുരയിടത്തിലെ തെങ്ങാണ് കടപുഴകി സമീപത്തുകൂടി കടന്നുപോയ 11 കെ.വി ലൈനില്‍ വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. ചേര്‍ത്തലയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് ഇലക്ട്രിക്ക് ലൈനില്‍ കിടന്ന തെങ്ങ് വെട്ടി മാറ്റിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റാണ് അപകടത്തിന് കാരണം. സമീപത്തുള്ള മാര്‍ക്കറ്റിന്റെ പ്രവര്‍ത്തി സമയമല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിവരം അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറിയിച്ചെങ്കിലും ഒഴിവു ദിവസമായതിനാല്‍ ഒരാള്‍ മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ നൂറോളം വീടുകളിലേക്കും പ്രദേശത്തേ നിരവധി കടകള്‍ക്കും സമുദ്രോല്‍പന്ന ശാലകള്‍ക്കുമുള്ള വൈദുതി തടസപ്പെട്ടു. തകരാര്‍ പരിഹാരിക്കാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് പറയുന്നു. വൈദ്യുതി ബന്ധം അടിയന്തിരമായി പുനര്‍സ്ഥാപിക്കണമെന്ന് പുന്നത്തറ റസിഡന്റ്‌സ് അസോസിയേഷനും പഞ്ചായത്ത് അംഗം സി.കെ പുഷ്പനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."