തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും
തൃശൂര്‍: വന്യതാളത്തില്‍ ചുവടുവയ്ക്കാന്‍ തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. നാലാം ഓണമായ ഇന്നു വൈകിട്ട് നാലിന് സ്വരാജ് ഗ്രൗണ്ടിലാണ് പ്രസിദ്ധമായ പുലിക്കളി അരങ്ങേറുക. ഓണാഘോഷത്തിനു സമാപനം കുറിച്ച് നഗരവീഥികളിലിറങ്ങുന്ന പുലിക്കളി സംഘങ്ങള്‍ അവസാനഘട്ട ചമയങ്ങളുടെ ഒരുക്കത്തിലാണ്. കോട്ടപ്പുറം ദേശം, കാനാട്ടുകര പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നീ ആറു ടീമുകളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണത്തെപ്പോലെ സ്ത്രീകള്‍ ഇത്തവണയും പുലിവേഷം കെട്ടും. 12 സ്ത്രീകളാണ് ചുവടുവയ്ക്കാനൊരുങ്ങുന്നത്.വൈകിട്ട് അഞ്ചിന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പുലിക്കളിയുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും. അയ്യന്തോള്‍ ദേശം പുലിക്കളി സംഘത്തിന്റെ ഓര്‍മ പ്രഥമന്‍ അവതരണഗാനത്തോടെയാണ് ഇത്തവണയും പുലിക്കളി ആരംഭിക്കുന്നത്. ഇതു രണ്ടാംവര്‍ഷമാണ് അയ്യന്തോള്‍ ദേശത്തിന്റെ ഓണാവേശവും പുലിത്താളത്തിന്റെ ആരവങ്ങളും പ്രതിഫലിക്കുന്ന അവതരണഗാനം പുലിക്കളിക്കൊപ്പമുണ്ടാകുന്നത്.
തൃശൂര്‍ ബാനര്‍ജി ക്ലബില്‍ മൂന്നുദിവസങ്ങളിലായി നടന്നുവന്ന പുലിക്കളിയുടെ ചമയപ്രദര്‍ശനം ഇന്നലെ വൈകിട്ടോടെ സമാപിച്ചു.
പുലിക്കളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകും. പുലിക്കളിക്കുശേഷം 5.30ന് ഇരിങ്ങാലക്കുട ജിതാ ബിനോയിയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും 6.30ന് പിന്നണി ഗായിക സിതാരയും ബാന്‍ഡ് മലാറിക്കസും ചേര്‍ന്ന് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റും നടക്കും.
പുലിക്കളിയുടെ മികച്ച നടത്തിപ്പിന് സര്‍ക്കാരും തൃശൂര്‍ കോര്‍പറേഷനും സാമ്പത്തിക സഹായവും മറ്റു സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 40,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
നിശ്ചലദൃശ്യങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് 35,000, 30,000, 25,000 രൂപ എന്ന ക്രമത്തിലാണ് നല്‍കുക. പുലിക്കൊട്ട്, പുലിവേഷം എന്നിവയ്ക്ക് സമ്മാനമായി 7,500 രൂപ വീതവും ട്രോഫിയും നല്‍കും. ഏറ്റവും മികച്ച അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നല്‍കും.
തൃശൂരിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം കമ്പനിയിലെ ഒരുവിഭാഗം പട്ടാളക്കാരാണ് പുലിക്കളിക്ക് തുടക്കമിട്ടതെന്നാണ് ഒരു ഉത്ഭവചരിത്രം. പിന്നീട് തദ്ദേശീയരായ അഭ്യാസികള്‍ പുലിക്കളിവേഷം കെട്ടിയതായും പറയുന്നു. ഉലക്കമേല്‍ ചുവടുവച്ചും മെയ്യഭ്യാസം പ്രകടിപ്പിച്ചുമായിരുന്നു അന്നത്തെ പുലിക്കളി. കാലം പിന്നിട്ടപ്പോള്‍ പുലിക്കളി കുടവയറന്‍മാരുടേതായി. കുടവയര്‍ കുലുക്കി ചെണ്ടയിലെ പുലിക്കൊട്ടിനൊപ്പം ചുവടുകള്‍വച്ചുള്ള പുലിയിറക്കം കാണാന്‍ ഇന്നു വിദേശികളുമെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."