പരിഹാരമാവാതെ കായികാധ്യാപക സമരം; അനിശ്ചിതത്വത്തിലായി സ്‌കൂള്‍ മേളകള്‍
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ നിയമനം നടത്താത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് കായികാധ്യാപകര്‍ നടത്തുന്ന സമരം സ്‌കൂള്‍ മേളകളെ അനിശ്ചിതത്വത്തിലാക്കി. യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലും കായികാധ്യാപകരോടുള്ള സര്‍ക്കാര്‍ സമീപനത്തിനുമെതിരേയാണ് ഇവര്‍ സമര രംഗത്തുള്ളത്.
യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
ഇതിലും കായികാധ്യാപകരുടെ തസ്തികകള്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ലബ്ബ കമ്മിഷന്‍ നിര്‍ദേശങ്ങളിലും പ്രധാനപ്പെട്ടതായിരുന്നു ഹയര്‍സെക്കന്‍ഡറി കായികാധ്യാപക നിയമനം.
ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായി വിജയം നേടുന്ന കേരള ടീമിന് 60 ശതമാനം പോയിന്റുകള്‍ വാങ്ങി നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാവുമ്പോഴാണ് ഇവിടെ കായികാധ്യാപകരില്ലാത്ത അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലും കായികാധ്യാപ തസ്തികാ നിര്‍ണയത്തില്‍ കനത്ത അപാകതകളുള്ളതായി ഇവര്‍ പറയുന്നു.
ഈ വിഭാഗങ്ങളില്‍ 500 കുട്ടികള്‍ക്ക് ഒരു സ്‌പെഷലിസ്റ്റ് ടീച്ചര്‍ തസ്തികയാണ് കേരളാ എജ്യുക്കേഷന്‍ റൂള്‍ പ്രകാരം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പല വിദ്യാലയങ്ങളിലും ഈ തസ്തികയില്‍ കായികാധ്യാപകര്‍ നിലവിലില്ല.
മറ്റധ്യാപകര്‍ക്ക് 1:35 ആനുപാതികമായി നിയമനം നടത്തുമ്പോഴാണ് 1:500 അനുപാതത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നത്. കാലോചിതമായ പരിഷ്‌കരണം ഈ മാനദണ്ഡത്തില്‍ ഇതുവരെ വരുത്തിയിട്ടില്ല. ഇതുമൂലം യു.പി വിഭാഗത്തിലെ കായികാധ്യാപക തസ്തികകള്‍ മിക്കതും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹൈസ്‌കൂള്‍ തലത്തില്‍ റൂള്‍ പ്രകാരമുള്ള തസ്തികാ നിര്‍ണയം നടത്തുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ നിയമനം നേടിയ കായികാധ്യാപകര്‍ക്ക് തന്നെ പ്രൈമറി അധ്യാപകരുടെ ശമ്പളം മാത്രമാണ് നല്‍കുന്നത്. 'തുല്യജോലിക്ക് തുല്യവേതനം' നിയമം നിലനില്‍ക്കുമ്പോഴാണ് കായികാധ്യാപകരോട് സര്‍ക്കാരിന്റെ ഈ വിവേചനം. വര്‍ഷം തോറും പുറത്തിറങ്ങുന്ന ബിരുദധാരികളായ ആയിരക്കണക്കിന് കായികാധ്യാപകരാണ് ഇതോടെ ജോലിയില്ലാതെ അലയുന്നത്.
സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ കായികമേളയുടെ സംഘാടനത്തില്‍ നിന്ന് ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ അധ്യാപകര്‍ രാജിവച്ചതോടെ ഇത്തവണത്തെ സബ്ജില്ലാ തല കായികമേളകള്‍ സംസ്ഥാനത്തൊട്ടാകെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നവംബറില്‍ നടക്കാനിരിക്കുന്ന ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് മുന്‍പായി ഒക്ടോബറില്‍ കോട്ടയം പാലായില്‍ സംസ്ഥാന തല മത്സരം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഓഗസ്റ്റ് മാസം പൂര്‍ത്തിയാക്കേണ്ടിയിരുന്ന സബ് ജില്ലാ തല മത്സരങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഇതും കഴിഞ്ഞ് നടക്കേണ്ട റവന്യൂ ജില്ലാ കായിക മത്സരങ്ങളും വൈകുന്നതോടെ വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്.
കഴിഞ്ഞ തവണയും കായികാധ്യാപകരുടെ സമരത്തെത്തുടര്‍ന്ന് ഇതര വിഭാഗം അധ്യാപരെ വച്ച് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത് സ്‌കൂള്‍ മേളയുടെ മാറ്റ് കുറച്ചിരുന്നു. കായികാധ്യാപകരുടെ ആവശ്യങ്ങള്‍ പഠിച്ച് രമ്യമായ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് സംയുക്ത കായികാധ്യാപക സംഘടനാ സെക്രട്ടറിമാരായ ഫാറൂഖ് പത്തൂരും ടി. ഷാജുവും 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."