നിസാമുദ്ദീന്റെ വേര്‍പാട്: ഇനി താങ്ങാവാന്‍ ആണ്‍തരികളില്ല; ഹൃദയം പിളര്‍ന്ന് കുടുംബം
കുറ്റ്യാടി: ആകെയുണ്ടായിരുന്ന രണ്ട് ആണ്‍മക്കളും വിടപറഞ്ഞു, ഇനി ഉപ്പാ എന്നു വിളിക്കാന്‍ ചേരാപുരം കിഴക്കെപുത്തലത്തെ അബ്ദുല്‍ അസീസിന് ആണ്‍മക്കളില്ല. എസ്.ഡി.പി.ഐ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയ മൂത്തമകന്‍ നസീറുദ്ദീന്റെ അകാലവിയോഗം തീര്‍ത്ത മുറിവുണങ്ങും മുന്‍പേ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നിസാമുദ്ദീനും (19) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം വേളം പഞ്ചായത്തിലെ കാക്കുനിക്കടുത്ത് തൂലാറ്റുംനടയിലുണ്ടായ ബൈക്കപകടമാണ് നിസാമുദ്ദീന്റെ മരണത്തിനിടയാക്കിയത്. ആയഞ്ചേരി ഭാഗത്തുനിന്നു വന്ന ബൈക്കും കാക്കുനി ഭാഗത്തുനിന്ന് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ നിസാമുദ്ദീനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചു. അതേസമയം അപകടവിവരം സോഷ്യല്‍ മീഡിയകളിലൂടെ അറിഞ്ഞ നാടും സുഹൃത്തുക്കളും ഒറ്റമനസോടെ നിസാമുദ്ദീന്റെ ജീവനുവേണ്ടി കണ്ണീര്‍പൊഴിച്ചു പ്രാര്‍ഥനകളില്‍ മുഴുകിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തേങ്ങലായി മാറാനായിരുന്നു വിധി.
സജീവ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനായ നിസാമുദ്ദീന്‍ കാക്കുനിയില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടത്തില്‍പ്പെട്ടത്. തന്റെ തകരാറിലായ ബുള്ളറ്റ് ബൈക്ക് വര്‍ക്‌ഷോപ്പില്‍ നിന്ന് നന്നാക്കിയ ശേഷം സുഹൃത്തായ യൂനുസിനൊപ്പം അതെടുത്ത് തിരികെ വരികയായിരുന്നു. ജ്യേഷ്ഠന്‍ നസീറുദ്ദീന്റെ നിസ്വാര്‍ഥ സേവന മനോഭാവം അതുപോലെ പിന്തുടരുകയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന 'ഇക്കാക്ക'യുടെ നാടിനു വേണ്ടിയുള്ള സ്വപ്‌നങ്ങളും സേവനപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തിവരികയുമായിരുന്ന നിസാം.
ദീനീ രംഗത്തു നിറഞ്ഞുനിന്ന് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനായ എം.എസ്.എഫിലും സജീവ പങ്കാളിത്തമായിരുന്നു നിസാമുദ്ദീന് ഉണ്ടായിരുന്നത്.
എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ വൈസ് പ്രസിഡന്റ്, ക്ലസ്റ്റര്‍ സഹചാരി കണ്‍വീനര്‍, പുത്തലത്ത് ശാഖാ ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫിന്റെ സേവന വിഭാഗമായ വിഖായയുടെ ശാഖാ കോഡിനേറ്റര്‍, എം.എസ്.എഫ് ശാഖാ ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. അടുക്കത്ത് മിസ്ബാഹുല്‍ ഹുദാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായി പഠനം നടത്തിവരുന്ന നിസാം കടമേരി റഹ്മാനിയ്യ ബോര്‍ഡിങ്ങിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ്.
ജ്യേഷ്ഠന്‍ നസീറുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിവിസ്താരം അടുത്താഴ്ച ആരംഭിക്കാനിരിക്കെ കിഴക്കെപുത്തലത്ത് വീട്ടിലെ ഏക ആശ്രയവും പ്രതീക്ഷയുമായ ആണ്‍തരിയുടെ നിനച്ചിരിക്കാതെയുള്ള വേര്‍പാട് തീര്‍ത്ത ശൂന്യതയില്‍ തേങ്ങുകയാണ് കുടുംബവും ഒപ്പം നാടും. ചേരാപുരം വലിയ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് വന്‍ജനാവലി സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."