പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് പ്രവൃത്തി മുടങ്ങി; എടച്ചേരിയില്‍ വീണ്ടും പ്രതിഷേധം
എടച്ചേരി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് പണി വീണ്ടും മുടങ്ങി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെയാണ് ഈ റോഡ് നവീകരണത്തിന് രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. പുതിയങ്ങാടിയില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ ഇരിങ്ങണ്ണൂര്‍ വഴി തലശ്ശേരിക്ക് എത്താനുള്ള മാര്‍ഗമായ ഈ റോഡ് വീതി കൂട്ടി മണ്ണിട്ടുയര്‍ത്തി വികസിപ്പിക്കുക എന്നത് എടച്ചേരി പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു.
ഇ.കെ വിജയന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലൂടെ രണ്ട് കോടി രൂപ അനുവദിച്ചപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ചിറകു മുളയ്ക്കുകയായിരുന്നു. എന്നാല്‍ റോഡ് വീതി കൂട്ടാനായി സ്ഥലം അളവെടുപ്പ് തുടങ്ങിയത് മുതല്‍ റോഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നതും അതെതുടര്‍ന്ന് പല തവണ റോഡ് വികസന ജോലി നിര്‍ത്തിവെക്കേണ്ടി വന്നതും 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മാസങ്ങള്‍ക്ക് മുന്‍പ് റോഡ് പണി പുനരാരംഭിച്ചിരുന്നു.
എന്നാല്‍ മഴക്കാലം തുടങ്ങിയതിനാല്‍ നിര്‍ത്തിവച്ച ജോലി ഇനിയും തുടരാത്തതിനാല്‍ വീണ്ടും നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. നേരത്തെ നടന്ന ചര്‍ച്ചയുടെ തീരുമാനപ്രകാരം പുതിയങ്ങാടി ടൗണ്‍ മുതല്‍ പനോളിപ്പീടികത്താഴ വരെ പത്ത് മീറ്റര്‍ അളവില്‍ വീതിയാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. എന്നാല്‍ പകുതിയിലേറെ ഭാഗം ഇനിയും വീതി കൂട്ടാന്‍ ബാക്കിയാണ്.
റോഡിന്റെ ഇരുവശങ്ങളിലും സ്ഥലമെടുത്ത് ബാക്കിഭാഗം കൂടി വീതിയാക്കല്‍ പൂര്‍ത്തിയായാലേ കരാറുകാര്‍ ബാക്കി പണി തുടങ്ങുകയുള്ളൂ. അതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റോഡ് വീതി കൂട്ടിയപ്പോള്‍ റോഡിന് നടുവിലായ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാത്തതും വിവാദമായിരുന്നു. കരാറുകാര്‍ കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് പോസ്റ്റ് മാറ്റേണ്ടത്. എന്നാല്‍ ഈ ആവശ്യത്തിനായി ഇലക്ട്രിസിറ്റി ഓഫിസില്‍ അടക്കേണ്ട തുക കരാറുകാര്‍ ഇതുവരെ അടച്ചിട്ടില്ല. ഇത് അടക്കാത്തതാണ് റോഡിന്റെ മധ്യത്തില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാതിരിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങിയതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹന ഗതാഗതവും കാല്‍നടയും ദുസഹമായതോടെയാണ് ജനങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്.
മോട്ടോര്‍ തൊഴിലാളി യൂനിയനുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഇപ്പോള്‍ പ്രതിഷേധ രംഗത്തെത്തിയത്.സ്ഥലം ഏറ്റെടുക്കലിനെ ചൊല്ലി ഉണ്ടായ തര്‍ക്കം പരിഹരിച്ചെങ്കിലും റോഡ്പണി അനിശ്ചിതമായി നീളുകയാണ്.
എടച്ചേരി പുതിയങ്ങാടി ടൗണ്‍ മുതല്‍ മാണിക്കോത്ത്താഴ കള്ള്ഷാപ്പ് വരെയുള്ള ഒരു കിലോമീറ്ററും പനോളിപീടിക ഭാഗത്തുമാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയായത്. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി ജെ.സി.ബി.ക്കാരന് 80,000 രൂപയോളം നല്‍കാനുണ്ട്. റോഡ് വീതി കൂട്ടി നല്‍കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നാണ് കരാറുകാരന്‍ പറയുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച മതിലുകള്‍ പൊളിച്ചുമാറ്റിയാണ് റോഡ് വീതികൂട്ടല്‍നടത്തിയത്. എന്നിട്ടും പണി നടക്കാത്തതില്‍ സ്ഥലമുടമകള്‍ക്കും പരിഭവമുണ്ട്.
പൊതുമരാമത്തിനെ പഴിചാരി ഗ്രാമപഞ്ചായത്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
വീതി കൂട്ടിയ ഭാഗത്തെ റോഡിന് നടുവിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റാന്‍ ആവശ്യമായ തുക ഇനിയും വൈദ്യുതി ഓഫിസില്‍ അടച്ചിട്ടില്ല. റോഡ് പണി ഉടന്‍ പുനരംരഭിച്ചിലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് എടച്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് നിജേഷ് കണ്ടിയില്‍ അധ്യക്ഷനായി. മജിദ് തലായി രതിഷ് അശോകനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."