പടിഞ്ഞാറത്തറ ടൗണിലെ ടാക്സി ജീപ്പ് സ്റ്റാന്‍ഡ് മാറ്റണമെന്ന ആവശ്യം ശക്തം
പടിഞ്ഞാറത്തറ: ടൗണില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗം മുതല്‍ തെങ്ങുംമുണ്ട റോഡിലെ ടാക്സി ജീപ്പ് സ്റ്റാന്‍ഡ് മാറ്റണമെന്നാവശ്യം ശക്തമാവുന്നു.
ഇവിടെ ഒരുഭാഗത്ത് ഊഴം കാത്തുനില്ക്കുന്ന വാഹനങ്ങളും മറുഭാഗത്ത് പന്തിപ്പൊയിലിലേക്ക് ലോക്കല്‍ സര്‍വീസില്‍ യാത്രക്കാരെ കയറ്റുന്ന ജീപ്പും നിര്‍ത്തിയിടുന്നതിനാല്‍ റോഡിലൂടെ മറ്റു വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ സംസ്ഥാന പാതയായി പ്രഖ്യാപിച്ച പൂഴിത്തോട് റോഡിലെ വീതികുറഞ്ഞ ഭാഗത്താണ് ടാക്സി ജീപ്പ് സ്റ്റാന്‍ഡുള്ളത്. റോഡിലേക്കിറക്കി കെ.എസ്.ഇ.ബി നിര്‍മിച്ചിരിക്കുന്ന സംരക്ഷണഭിത്തി കാരണം റോഡിന്റെ വീതി കുറഞ്ഞിരിക്കുകയാണ്. ഈ ഭാഗത്ത് ടാക്സികള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതോടെയാണ് ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസുകളുള്‍പ്പെടെ ഗതാഗതക്കുരുക്കിലകപ്പെടുന്നത് പതിവാണ്. ടാക്സി ജീപ്പുകളുടെ പാര്‍ക്കിങ് സൗകര്യം മറ്റൊരിടത്തേക്ക് മാറ്റുകയോ നിയന്ത്രണങ്ങളോടെ പാര്‍ക്കിങ് അനുവദിക്കുകയോ ചെയ്താല്‍ പരിഹാരമാവുന്ന വിഷയത്തില്‍ പൊലിസിനും പഞ്ചായത്തിനും നിസംഗതയാണെന്നാണ് ആരോപണമുയരുന്നത്. ഇത് സംബന്ധിച്ച് നിരവധി തവണ പഞ്ചായത്തധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."