പുല്ലങ്കോട് എസ്റ്റേറ്റ് ചര്‍ച്ച പരാജയപ്പെട്ടു
കാളികാവ്: ജില്ലയിലെ വലിയ തോട്ടങ്ങളില്‍ ഒന്നായ പുല്ലങ്കോട് റബര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ കൂലിത്തര്‍ക്കം തീരുമാനമാകാതെ പിരിഞ്ഞു. കോഴിക്കോട് റീജ്യയനല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയാണു പരാജയപ്പെട്ടത്. കൂലി വര്‍ധനവു നടപ്പാക്കണമെങ്കില്‍ തൊഴില്‍ ഭാരം കൂട്ടണമെന്ന നിലപാടിലാണു മാനേജ്‌മെന്റ്. നിലവിലുള്ള സ്ഥിതിയില്‍ തന്നെ വര്‍ധിപ്പിച്ച കൂലി വേണമെന്നു തൊഴിലാളികളും പറയുന്നു.
2016 മെയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചിരുന്നു. 321 രൂപയായിരുന്ന കൂലി 381 രൂപയാക്കി ഉയര്‍ത്തി. 300 റബ്ബര്‍ മരം ടാപ്പ് ചെയ്യുന്നത് 400 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശമാണു മാനേജ്‌മെന്റ് കൂലി വര്‍ധനവു നടപ്പാക്കാന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം. 2015 ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേതനം പ്രാബല്യത്തിലുണ്ട്. 2016 ജൂലൈയില്‍ കൂലി കുടിശിക നല്‍കി തീര്‍ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
കൂലി പുതുക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ 400 മരം ടാപ്പ് ചെയ്യണമെന്ന നിര്‍ദ്ദേശം തൊഴിലാളികള്‍ അംഗീകരിക്കാത്തതിനാല്‍ പുതുക്കിയ കൂലി നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് വക്താക്കള്‍ പറയുന്നത്. ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ ഒരു തൊഴിലാളിക്ക് 100 വീതം അധികമാക്കിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നു തൊഴിലാളികളും പറയുന്നു. തോട്ടങ്ങളില്‍ ഈ വ്യവസ്ഥ നടപ്പിലാക്കുക പ്രയാസമാണെന്നും തൊഴിലാളി സംഘടനാനേതാക്കള്‍ പറഞ്ഞു.
വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ച് മാനേജ്‌മെന്റ് കൂലി കുടിശിക ഇനത്തില്‍ ദിവസവും നല്‍കി വന്നിരുന്ന തുക നിര്‍ത്തി വെക്കുകയും ചെയ്തിട്ടുണ്ട്. 50 രൂപ വീതമാണ് കുടിശ്ശിക ഇനത്തില്‍ നല്‍കിയിരുന്നത്. മാനേജ്‌മെന്റ് നിലപാട് കര്‍ശനമാക്കിയതോടെ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കി. തര്‍ക്കം മൂത്തതോടെ ജില്ലാ ലേബര്‍ ഓഫിസര്‍ ഇരുവിഭാഗത്തേയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി ഇരുവിഭാഗവും വിട്ടുവീഴ്ചക്കു തയ്യാറാകാത്തതിനെത്തുടര്‍ന്നു ചര്‍ച്ച പരാജയപ്പെട്ടു.
ജില്ലയിലെ ലേബര്‍ ഓഫിസര്‍ നടത്തിയ ചര്‍ച്ച പരാജയമായതിനെത്തുടര്‍ന്നു പ്രശ്‌നം കോഴിക്കോട് റീജ്യയനല്‍ ലേബര്‍ കമ്മിഷണര്‍ക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല. ഇരു വിഭാഗവും നിലപാടു കടുപ്പിച്ചിരിക്കുകയാണ്.
ടാപ്പിങ്ങിനു പുറമെ സ്ലോട്ടര്‍ ഉള്‍പ്പെടെയുള്ള അധിക ജോലി പൂര്‍ണമായും നിര്‍ത്തിവെച്ചതായി തൊഴിലാളികള്‍ അറിയിച്ചു. 2015 വരെ നിലവിലുണ്ടായിരുന്ന കൂലിയില്‍ നിന്ന് ഒരു വര്‍ധനവും വരുത്താനവില്ല എന്ന് മാനേജ്‌മെന്റും പറഞ്ഞു.
ചര്‍ച്ചയില്‍ തൊഴിലാളി പ്രതിനിധികളായി പെരുമ്പള്ളി ഹസ്സന്‍, കെ.ടി.സി മുഹമ്മദ്, എടക്കണ്ടന്‍ സലാം, അമീന്‍, മാനീരി ഹസന്‍ എന്നിവരും പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍മാരായ റെനി, വീരാന്‍ കുട്ടി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."