യു.എസ് ഓപണ്‍: കീസ്- സ്റ്റെഫന്‍സ് ഫൈനല്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ കിരീട ജേത്രിയെ ലഭിക്കും. അമേരിക്കന്‍ താരങ്ങള്‍ മാത്രം മാറ്റുരച്ച വനിതകളുടെ സെമി പോരാട്ടത്തില്‍ മുന്‍ ചാംപ്യയും വെറ്ററന്‍ താരവുമായ വീനസ് വില്ല്യംസിനെ അട്ടിമറിച്ച് യുവ താരം സ്ലൊവാനെ സ്റ്റെഫന്സും കൊക്കൊ വെന്ഡെവെഗിനെ പരാജയപ്പെടുത്തി മാഡിസന്‍ കീസും ഫൈനലിലേക്ക് മുന്നേറി. നാളെ നടക്കുന്ന ഫൈനലില്‍ കീസ്- സ്റ്റെഫന്‍സ് പോരാട്ടം അരങ്ങേറും.
എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും കരിയറിലെ മൂന്നാം യു.എസ് ഓപണും ലക്ഷ്യമിട്ട വീനസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്റ്റെഫന്‍സ് അട്ടിമറിച്ചത്. ആദ്യ സെറ്റ് ഒറ്റ പോയിന്റ് മാത്രം വിട്ടുനല്‍കി സ്റ്റെഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെ വീനസ് പിടിച്ചെടുത്തതോടെ മത്സരം ആവേശകരമായി. മൂന്നാം സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ഒടുവില്‍ അന്തിമ വിജയം സ്റ്റെഫന്‍സിനെ കനിയുകയായിരുന്നു. സ്കോര്‍: 6-1, 0-6, 7-5.
കീസ് അനായാസ വിജയമാണ് സെമിയില്‍ പിടിച്ചെടുത്തത്. പൊരുതാന്‍ പോലും നില്‍ക്കാതെ വെന്ഡെവെഗെ എളുപ്പം കീഴടങ്ങി. സ്കോര്‍: 6-1, 6-2.
കീസും സ്റ്റെഫന്സും കരിയറില്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലെത്തുന്നത്. 2015ലെ ആസ്ത്രേലിയന്‍ ഓപണിന്റെ സെമിയിലെത്തിയതായിരുന്നു 22കാരിയായ കീസിന്റെ ഇതിന് മുന്‍പേയുള്ള മികച്ച പ്രകടനം. അതേ വര്‍ഷം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്താനും താരത്തിന് സാധിച്ചിരുന്നു. സമാനമാണ് സ്റ്റെഫന്‍സിന്റെ കരിയറിലെ പ്രകടനവും. 24കാരിയായ താരം 2013ല്‍ ആസ്ത്രേലിയന്‍ ഓപണിന്റെ സെമിയിലെത്തിയതാണ് മികച്ച നേട്ടം. അതേവര്‍ഷം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലും സ്റ്റെഫന്‍സ് എത്തിയിരുന്നു. നിലവില്‍ സ്റ്റെഫന്‍സ് 83ാം റാങ്കിലും കീസ് 16ാം റാങ്കിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."