പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി വില കുത്തനെ ഉയര്‍ത്തി: കെ.എസ്.ഇ.ബിക്ക് ഇരുട്ടടി
തൊടുപുഴ: പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (പി.എക്‌സ്.ഐ.എല്‍) വൈദ്യുതി വില കുത്തനെ ഉയര്‍ത്തിയത് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഇരുട്ടടിയായി. യൂനിറ്റിന് 9.60 നിരക്കിലാണ് ഇന്നലെ കേരളം വൈദ്യുതി വാങ്ങിയത്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമൂലമുണ്ടാകുന്ന ബാധ്യത പരമാവധി കുറയ്ക്കാന്‍ ഇടുക്കി അടക്കമുള്ള കരുതല്‍ പദ്ധതികളില്‍ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമായി.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം പോലെ മുംബൈ ആസ്ഥാനമായുള്ള പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡില്‍ ദിനേനയാണ് വൈദ്യുതി വില നിര്‍ണയം. മുന്‍കൂട്ടി പണം നല്‍കിയാല്‍ മാത്രമാണ് ഇവര്‍ വൈദ്യുതി നല്‍കുക. ഈ മേഖലയിലെ കുത്തകയാണ് പി.എക്‌സ്.ഐ.എല്‍. അടിയന്തരഘട്ടങ്ങളില്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഇവരെ ആശ്രയിക്കുന്നുണ്ട്. കല്‍ക്കരി ക്ഷാമം മൂലമാണ് വൈദ്യുതി വില കുത്തനെ ഉയരാന്‍ കാരണമെന്നാണ് പി.എക്‌സ്.ഐ.എല്ലിന്റെ വിശദീകരണം.
മൂന്നാഴ്ചയായി തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ ചെറുകിട അണക്കെട്ടുകള്‍ നിറഞ്ഞുകിടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ചെറുകിട പദ്ധതികളില്‍ പരമാവധി ഉല്‍പാദനം നടത്തുകയും വന്‍കിട പദ്ധതികളില്‍ ഉല്‍പാദനം കുറച്ച് പരമാവധി ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ ജലവിനിയോഗ തത്വം. എന്നാല്‍, ഇത് ഇക്കുറി പാളും. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഇന്നലത്തെ വൈദ്യുതി ഉല്‍പാദനം 3.287 ദശലക്ഷം യൂനിറ്റായിരുന്നു. ശബരിഗിരിയില്‍ 2.959 ഉം കുറ്റ്യാടിയില്‍ 2.746 ദശലക്ഷം യൂനിറ്റും ഉല്‍പാദിപ്പിച്ചു.
വൈദ്യുതി ബോര്‍ഡിന്റെ ഗ്രൂപ്പ് മൂന്നില്‍ പെട്ട ചെറുകിട അണക്കെട്ടുകള്‍ 93 ശതമാനം നിറഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് രണ്ടിലെ ഇടത്തരം അണക്കെട്ടുകള്‍ 75 ശതമാനവും ഗ്രൂപ്പ് ഒന്നിലെ വന്‍കിട അണക്കെട്ടുകള്‍ 51 ശതമാനവും നിറഞ്ഞു. ഗ്രൂപ്പ് മൂന്നില്‍പെട്ട കല്ലാര്‍കുട്ടി - 98 ശതമാനം, പൊരിങ്ങല്‍കുത്ത് 91, ലോവര്‍പെരിയാര്‍ 98 ശതമാനം എന്നിങ്ങനെയാണ് ഇന്നലത്തെ ജലനിരപ്പ്. ഇതോടെ ഈ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരമാവധിയാക്കി ഉയര്‍ത്തി. എങ്കിലും നീരൊഴുക്ക് ശക്തമായതിനാല്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നേക്കും.
ലോവര്‍പെരിയാര്‍ പദ്ധതിയുടെ കരിമണല്‍ പവര്‍ ഹൗസില്‍ ഇന്നലെ 3.2 ദശലക്ഷം യൂനിറ്റും കല്ലാര്‍കുട്ടി അണക്കെട്ടിന്റെ പദ്ധതിയായ നേര്യമംഗലത്ത് 1.841 ഉം പൊരിങ്ങല്‍കുത്തില്‍ 1.065 ദശലക്ഷം യൂനിറ്റും വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ പൊന്മുടി 94 ശതമാനം, തര്യോട് 84, കുറ്റ്യാടി 60, ആനയിറങ്കല്‍ 30 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. പീക്ക്‌ലോഡ് വൈദ്യുതിക്ക് മാത്രം ആശ്രയിക്കുന്ന പൊന്മുടി അണക്കെട്ടിന്റെ പന്നിയാര്‍ പവര്‍ ഹൗസില്‍ 0.769 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഗ്രൂപ്പ് ഒന്നില്‍പെട്ട വന്‍കിട അണക്കെട്ടുകള്‍ പകുതിയിലധികം നിറഞ്ഞു. ഇടുക്കി 47 ശതമാനം, പമ്പ 52, ഷോളയാര്‍ 92, ഇടമലയാര്‍ 62, കുണ്ടള 45, മാട്ടുപ്പെട്ടി 40 ശതമാനം നിറഞ്ഞു. 2200.659 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."