യാത്രാ ദുരിതം; എം.എല്‍.എ റോഡ് ചെളിക്കെട്ടായി
പുനലൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെളിക്കെട്ടായ എം.എല്‍.എ റോഡിലൂടയുളള യാത്ര ദുരിതത്തിലായി.
ഇതുവഴിയുള്ള യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങള്‍ ചെളിക്കുണ്ടില്‍ പുതയുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഈ റോഡിലൂടെ സ്ഥാപിച്ചിരിക്കുന്ന കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലെനിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെ റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെടുന്നത്.
പൊട്ടിയ പൈപ്പുകള്‍ ശരിയാക്കാനായി എടുക്കുന്ന കുഴികള്‍ മൂടാതെ അങ്ങിനെ തന്നെ ഇട്ടിട്ട്‌പോകാറാണ് പതിവ്.
പൊതുമരാമത്ത് വകുപ്പ് എം.എല്‍.എ റോഡ് ഏറ്റെടുത്ത് നവീകരണത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്.
പക്ഷെ പൈപ്പ് മാറ്റല്‍ വാട്ടര്‍ അതോറിറ്റി നടത്തിയ ശേഷമെ റോഡ് ടാര്‍ ചെയ്യൂ എന്ന നിലപാടിലാണ് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍. പക്ഷെ പൈപ്പ് മാറ്റല്‍ നടത്താന്‍ അധികൃതര്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
ഫലത്തില്‍ റോഡിന്റെ ദുരിത സ്ഥിതി ഉടനെ പരിഹരിക്കപ്പെടില്ല.
ചെമ്മന്തൂര്‍ മുതല്‍ വെട്ടിപ്പുഴ വരെ എം.എല്‍.എ റോഡ് കുഴികള്‍ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്.
പട്ടണത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം.എല്‍.എ റോഡ് വഴിയും വാഹനങ്ങള്‍ കടത്തിവിട്ടാല്‍ മതി. പക്ഷെ റോഡിനെ പി.ഡബ്ല്യൂ.ഡി അധികൃതര്‍ പാടെ അവഗണിച്ചിരിക്കുന്നു. ദുരിത യാത്ര ഒഴിവാക്കാന്‍ പി.ഡബ്ല്യൂ.ഡി അധികൃതര്‍ റോഡ് നവീകരണത്തിന് തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."