സംസ്ഥാനത്ത് രണ്ടുദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഇരുപത്തിനാലു മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ ശക്തമായ മഴയ്ക്ക് കാരണമായ തണ്ടര്‍ സ്റ്റോം പ്രതിഭാസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായാണ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. 10 മുതല്‍ 15 വരെ സ്‌ക്വയര്‍ കിലോ മീറ്റര്‍ ദൂരപരിധിയില്‍ ശക്തമായ ഇടിയോടുകൂടി പെട്ടെന്ന് കനത്ത മഴ പെയ്യുന്നതാണ് തണ്ടര്‍ സ്റ്റോം പ്രതിഭാസം. ഇതായിരുന്നു തിരുവനന്തപുരം നഗരത്തെ വെള്ളത്തിലാക്കിയതും. രണ്ട് മണിക്കൂര്‍ മാത്രം പെയ്ത മഴയില്‍ നഗരത്തില്‍ 66.2 ശതമാനം മഴ ലഭിക്കുകയുണ്ടായി.
ഇന്ന് രാവിലെ മുതല്‍ 24 മണിക്കൂര്‍ സംസ്ഥാനത്ത് വ്യത്യസ്തയിടങ്ങളിലായി 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ സാധ്യത.
ദക്ഷിണ-പശ്ചിമ ദിക്കില്‍ നിന്ന് മണിക്കൂറില്‍ 45-55 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. ഓഗസ്റ്റ് മാസത്തിന് ശേഷം പ്രതീക്ഷിച്ച മഴ ലഭിച്ചതിനാല്‍ 18 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തിനിപ്പോഴുള്ളതെന്നും മഴക്കുറവുണ്ടായിരുന്ന ഇടുക്കി ജില്ലയില്‍ നല്ല മഴ ലഭിച്ചുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
ഇടുക്കിയില്‍ കഴിഞ്ഞ മാസം വരെ 48 ശതമാനം മഴക്കുറവുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 18 ശതമാനം മാത്രമാണ്. ഇതോടെ ഇടുക്കി ഡാമില്‍ കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ അളവില്‍ വെള്ളം നിറഞ്ഞു. അത് പ്രതീക്ഷിച്ച മഴയേക്കാളും കുറവാണെങ്കിലും കാലാവസ്ഥയുടെ സ്വഭാവം വ്യക്തമായി ഇപ്പോഴും പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ കനത്ത ആശങ്കയിലാണ് വൈദ്യുതി വകുപ്പ് അതികൃതര്‍. അതിനിടയ്ക്ക് പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതും വകുപ്പിന് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍ വയനാട്ടില്‍ ഇപ്പോഴും കനത്ത മഴക്കുറവ് നേരിടുന്നുണ്ട്. വയനാട് ജില്ലയില്‍ 48 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കാറ്റ് ദിശമാറിപ്പോവുന്നതാണ് വയനാട്ടില്‍ മഴ ലഭിക്കാതിരിക്കാന്‍ കാരണം. ഒക്ടോബര്‍ മാസം വരെ സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണ ജലക്ഷാമത്തിന് സാധ്യത കുറവാണെന്നും ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."