തടയണ വേണമെന്ന ആവശ്യം നടപ്പായില്ല; മഴവെള്ളം കുത്തിയൊലിക്കുന്നു
നാദാപുരം: പഞ്ചായത്തിലെ ആറുവാര്‍ഡുകളിലെ ആളുകള്‍ക്ക് ഉപകാര പ്രദമായി ഒഴുകുന്ന പുളിക്കൂല്‍ തോട്ടില്‍ തടയണവേണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. മഴയില്‍ നിറഞ്ഞൊഴുകുന്ന തോട് മഴ അല്‍പം മാറി നില്‍ക്കുമ്പോഴേക്കും ജലവിതാനം താണ് ജലക്ഷാമം നേരിടുകയാണിപ്പോള്‍. നേരത്തെ തോടിന്റെ ഇരുകരകളും നോക്കെത്താ ദൂരം നെല്‍വയല്‍ കൊണ്ട് സമ്പന്നമായിരുന്നു.
എന്നാല്‍ ഇന്ന് പേരിനു പോലും പാടശേഖരം ഇവിടെയില്ല. മണ്ണിട്ട് നികത്തിയതിനാല്‍ മുഴുവന്‍ പറമ്പുകളായി മാറി. ഇതേ തുടര്‍ന്ന് മഴ പെയ്യുമ്പോള്‍ വെള്ളം കൂടുകയും മഴ മാറിയാല്‍ മണിക്കൂറുകള്‍ക്കകം വെള്ളം വറ്റുകയുമാണ്.
തോട്ടിലെ വെള്ളം വറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ വേനലില്‍ കനത്ത വരള്‍ച്ചയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു തോട് സംരക്ഷണ സമിതി രൂപീകരിച്ചു. ആറുലക്ഷത്തോളം രൂപ ചെലവില്‍ ഇരുകരകളും വീതി കൂട്ടുകയും തോട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്ന് പഞ്ചായത്തിലും ജല വിഭവ വകുപ്പിനും ജല സംരക്ഷണത്തിനായി സ്ഥിരം തടയണ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും അനുകൂലമായ മറുപടി ഇത് വരെ ഉണ്ടായിട്ടില്ല.
മാത്രമല്ല ഈ തോട്ടില്‍ സ്ഥാപിച്ച കിണറുകളില്‍ നിന്നാണ് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന വിദ്യാലയങ്ങള്‍, പഞ്ചായത്ത് നിര്‍മിച്ച കുടിവെള്ള പദ്ധതികള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ വെള്ളം പമ്പു ചെയ്യുന്നത്.
ഇവിടെയെല്ലാം കടുത്ത വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടതിനാല്‍ കഴിഞ്ഞ വേനലില്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."