പി.വി അന്‍വറിന് കൂട്ടുനിന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണം: സുധീരന്
കോഴിക്കോട്: അനധികൃത ഭൂമിയില്‍ വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ച ഇടത് എം.എല്‍.എ പി.വി അന്‍വറിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി എം സുധീരന്. പാര്ക്കിന് അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച എന്‍.പി മൊയ്തീന് അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. കെ.പി.സി.സി എടുത്ത നിലപാടിനും നിയമസഭയില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാടിനും എതിരായി യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ നിലകൊള്ളില്ല. എന്നാല്‍ അന്‍വറിന് സഹായകരമായ നിലപാടെടുത്ത മണ്ഡലം കമ്മിറ്റിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാര്ക്കിന് അനുകൂല നിലപാടെടുത്തവരെ പുറത്താക്കണം. മണ്ഡലം കമ്മിറ്റി നിലപാട് പാര്‍ട്ടിയെ നാണം കെടുത്തിയെന്നും സുധീരന് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിനെ വേദിയിലിരുത്തിയായിരുന്നു സുധീരന്റെ വിമര്‍ശനം. മണ്ഡലം കമ്മിറ്റിക്കെതിരേ നടപടി സ്വീകരിച്ചാല്‍ കൂടരഞ്ഞിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്ന് അതേവേദിയില്‍ തന്നെ സിദ്ദീഖ് വിശദീകരണം നടത്തി.
പാര്‍ക്കിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടാനുള്ള മര്യാദ കെ.പി.സി.സി കാണിക്കണമെന്നും സിദ്ദീഖ് പറഞ്ഞു. തനിക്ക് അന്‍വറുമായി ഒരു ബന്ധവുമില്ല. കൂടരഞ്ഞിയില്‍ പ്രാദേശികമായി ചില പ്രശ്നങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷേ കോണ്‍ഗ്രസ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. അന്‍വറിനെതിരായ സമരം ശക്തമാക്കിയതിനൊപ്പം അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ആരെയും പാര്‍ട്ടിക്ക് പുറത്തെത്തിക്കാതെയാണ് വിഷയത്തില്‍ ഡി.സി.സി നിലപാട് എടുത്തതെന്നും സിദ്ദീഖ് വ്യക്തമാക്കി. എന്നാല്‍ സിദ്ദീഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ സുധീരന് പാര്‍ക്ക് അനുകൂല നിലപാടെടുത്ത കോണ്‍ഗ്രസുകാരെ പുറത്താക്കണമെന്ന് ആവര്‍ത്തിച്ചു. വേദിയില്‍ തൊട്ടടുത്ത സീറ്റിലിരുന്ന സിദ്ദീഖിനോട് ഈ വിഷയത്തില്‍ സുധീരന് ഏറെ നേരം തര്‍ക്കിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."