മെഡിക്കല്‍ പ്രവേശനം ബെഞ്ചിനെചൊല്ലി തര്‍ക്കം; ഹരജി ഇന്നു വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ് കോഴ്സിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹരജികള്‍ പരിഗണിച്ചെങ്കിലും കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയതിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെയാണ് ഇന്നലെ വാദംനടക്കാതിരുന്നത്. ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) അഭിഭാഷകന് വികാസ് സിങ്, ഹരജികള്‍ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടി. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം മെഡിക്കല്‍ കോളജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിവയ്ക്ക് താല്‍ക്കാലിക പ്രവേശന അനുമതി നല്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കോളജുകള്‍ നല്കിയ പ്രത്യേക ഹരജി പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി.
ഹരജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന ആവശ്യത്തില്‍ എം.സി.ഐ ഉറച്ചുനിന്നു. ഇതേ തുടര്‍ന്ന് കേസുകള്‍ ഇന്നു പരിഗണിക്കാനായി ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും എല്‍. നാഗേശ്വര റാവുവും അടങ്ങിയ ബെഞ്ച് മാറ്റി. ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍ എന്നീ കോളജുകളില്‍ പ്രവേശനം നേടിയ നാനൂറ് വിദ്യാര്‍ഥികളുടെ ഭാവിക്ക് സുപ്രിം കോടതിയുടെ തീരുമാനം നിര്‍ണായകമാണ്.
അതേസമയം കേരളത്തിലെ മെഡിക്കല്‍ കോളജുകളോട് മാത്രമാണ് എം.സി.ഐയുടെ ഈ നിലപാടെന്ന് മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദുഷ്യന്ത് ദാവെയും ആരോപിച്ചു. എം.സി.ഐയുടെ നടപടി കോടതിയലക്ഷ്യം ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹാജരായിരുന്നുവെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. കഴിഞ്ഞയാഴ്ച ഹരജികള്‍ പരിഗണിച്ച കോടതി, എം.സി.ഐക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. കേസ് പരിഗണിക്കവെ സ്വശ്രയകോളജുകള്ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."