കഷ്ടതയ്ക്ക് നടുവിലൊരു പൊലിസ് എയ്ഡ് പോസ്റ്റ്
മുത്തങ്ങ: ജില്ല സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്ത (ഒ.ഡി.എഫ്) ജില്ലയൊക്കെയാണ്, എന്നാല്‍ മുത്തങ്ങ സെയില്‍ടാക്‌സ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന പൊലിസ് എയിഡ്‌പോസ്റ്റ് ജീവനക്കാര്‍ക്ക് കാര്യം സാധിക്കണമെങ്കില്‍ കാട് തന്നെയാണ് ആശ്രയം.
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത എയ്ഡ് പോസ്റ്റില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് ജീവനക്കാര്‍.
ഒറ്റമുറിക്കുളളില്‍ പ്രവര്‍ത്തിക്കുന്ന ഈ എയിഡ് പോസ്റ്റില്‍ ശൗചാലയങ്ങള്‍ അടക്കമുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. കാലപ്പഴക്കത്താല്‍ നിലവില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന തറക്കും ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓടിന്റെ മേല്‍ക്കൂരയുള്ള ഈ എയിഡ്‌പോസ്റ്റ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
മഴപെയ്താല്‍ ഓഫിസനുള്ളില്‍ വെള്ളം നിറയും.
രണ്ട് പൊലിസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒരു എയിഡ്‌പോസ്റ്റിന്റെ അവസ്ഥയാണിത്. രാത്രികാലങ്ങളില്‍ ഈഭാഗത്ത് കാട്ടാനകള്‍ എത്തുന്നതും പതിവാണ്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇപ്പോള്‍ ഇവിടെ പൊലിസുകാര്‍ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എയിഡ് പോസ്റ്റ് സൗകര്യപ്രഥമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാല്‍ മാത്രമേ ഇവിടെ ഡ്യൂട്ടിക്കെത്തുന്നവരുടെ ദുരിതത്തിന് അറുതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."