എക്‌സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്ത്
മണ്ണഞ്ചേരി: കേരളാ സ്പിന്നേഴ്‌സിന് പിന്നാലെ എക്‌സല്‍ ഗ്ലാസസും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സി.പി.ഐയും എ.ഐ.ടി.യു.സിയും സംയുക്തമായി സമരരംഗത്തെത്തി.
ഇന്നലെ രാവിലെ 10 മണി മുതല്‍ ഏകദിന സത്യഗ്രഹസമരം നടത്തിയാണ് ഭരണകക്ഷിയിലെ പ്രമുഖ സംഘടനതന്നെ സമരം തുടങ്ങിയത്. കേരളാ സ്പിന്നേഴ്‌സും എക്‌സല്‍ ഗ്ലാസസും സി.പി.ഐ നേതാവായിരുന്ന അന്തരിച്ച ടി.വി തോമസ് വ്യവസായമന്ത്രിയായിരുന്നപ്പോള്‍ സ്ഥാപിച്ച സ്ഥാപനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ നിലനില്‍ക്കണമെന്ന ആഗ്രഹം ഭരണപക്ഷത്തെ പ്രമുഖ സംഘടനയായ സി.പി.എമ്മിന് ഇല്ലെന്ന ആരോപണം സി.പി.ഐ ഉയര്‍ത്തിയാണ് സമരത്തിന് തുടക്കംകുറിച്ചത്.
സമരത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഇത്തരം അഭിപ്രായം മുന്‍നിര്‍ത്തിയായിരുന്നു സംസാരിച്ചതും.
ആയിരത്തിലേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ വ്യവസായശാല നിശ്ചലമായിട്ട് 58 മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ നാളിതുവരെ ആദ്യകാലത്തുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാരൊ നിലവിലെ ഇടതുപക്ഷസര്‍ക്കാരോ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിലവിലെ എം.എല്‍.എയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ഐസക്ക് എക്‌സല്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
സര്‍ക്കാര്‍ അധികാരം ഏല്‍ക്കുകയും ഐസക്ക് ധനകാര്യമന്ത്രിയാകുകയും ചെയ്തിട്ടും സര്‍ക്കാര്‍തലത്തിലെ ഒരുവിധത്തിലുമുള്ള ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെല്ലാം മുന്‍നിര്‍ത്തായാണ് സി.പി.ഐ സമരരംഗത്തെത്തിയിട്ടുള്ളത്. അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജനസമരം നടത്താനാണ് സി.പി.ഐയുടെ നീക്കം.
പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ ഇടപെട്ടാണ് ഇപ്പോള്‍ സമരം സംഘടിപ്പിച്ചത്. സത്യഗ്രഹം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ.ശിവരാജന്‍, അഡ്വ.വി.മോഹന്‍ദാസ്, പി.ജ്യോതിസ്, ഡി.ഹര്‍ഷകുമാര്‍, വി.എം.ഹരിഹരന്‍, പി.യു.അബ്ദുള്‍കലാം, പി.എസ്.ഹരിദാസ്, ആര്‍.അനില്‍കുമാര്‍, അജയസിംഹന്‍, ദീപ്തി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.ടി.യു.സിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി.വി.സത്യനേശനാണ് സമരസമിതിയുടെ കണ്‍വീനര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."