പച്ചക്കറി സംഭരണം ; കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയില്ല
മറയൂര്‍: ഓണക്കാലത്ത് സംസ്ഥാനത്തു വിറ്റഴിക്കാന്‍ പച്ചക്കറി സംഭരിച്ചയിനത്തില്‍ കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് 22 ലക്ഷം രൂപ.
ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് ഓണത്തിന് സംഭരിച്ച പച്ചക്കറിക്കാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്.
കാന്തല്ലൂര്‍ ശീതകാല കര്‍ഷക-വിപണന കേന്ദ്രത്തില്‍ നിന്ന് 21 ടണ്‍ പച്ചക്കറി സംഭരിച്ചതിന് ആറുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരള ലേല കേന്ദ്രത്തിന് അറുപത് ടണ്‍ പച്ചക്കറി സംഭരിച്ചതില്‍ പതിനാല് ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയുമാണ് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത്. ഓണത്തിന് പച്ചക്കറി സംഭരിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകരുടെ അകൗണ്ടുകളില്‍ നേരിട്ട് പണം എത്തിക്കാമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്കി സംഭരണം ആരംഭിച്ചത്. മൂന്ന് മാസം മുന്‍പ് കാന്തല്ലൂരില്‍ എത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ കര്‍ഷകരുമായി മുഖാമുഖം നടത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് നല്കുന്ന പച്ചക്കറികള്‍ക്ക് യഥാസമയത്ത് പണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാക്കുകളെല്ലാം പാഴായി.
കഴിഞ്ഞ വര്‍ഷം ഓണ വിപണിക്കായി ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിച്ച് കുടിശിക വരുത്തിയെങ്കിലും ശീതകാല കര്‍ഷക വിപണന സംഘം ഫണ്ടില്‍ നിന്ന് പണം കര്‍ഷകര്‍ക്ക് നല്‍കുകയും പിന്നീട് ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് മാസങ്ങള്‍ക്ക് ശേഷം നല്കിയ പണം ഫണ്ടില്‍ സ്വരൂപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് അകൗണ്ടില്‍ പണം എത്തിക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് വിപണന സംഘം വഴി പണം നല്കാന് കഴിയാത്തതെന്ന് വിപണന സംഘം പ്രസിഡന്റ് പി.ജി സോജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."