കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ലിന്റെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചില പരിമിതികളുടെ പേരില്‍ മാധ്യമങ്ങളെ തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്.
അതിന് തടയിടാന്‍ വാര്‍ത്തകളെ കേവലം വില്‍പ്പനച്ചരക്കുകളായി കാണാതെ കാണാത്ത വാര്‍ത്തകളെ തേടിപ്പിടിച്ച് പൊതു സമൂഹത്തിന് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. ജനാധിപത്യത്തിന്റെ ഊര്‍ജസ്രോതസ്സുകളായി മാറാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരം മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ.കെ യാസീന്‍ അഷ്‌റഫ്, മികച്ച ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കെ.സി മാധവക്കുറുപ്പ് അവാര്‍ഡ് മംഗളം ദിനപത്രത്തിലെ എം ജയതിലകന്‍, മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മനോരമ ന്യൂസ് കോഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു, മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങിനുള്ള മുഷ്താഖ് അവാര്‍ഡ് മെട്രോവാര്‍ത്തയിലെ വി സഞ്ജു, മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫിക്കുള്ള മുഷ്താഖ് അവാര്‍ഡ് മാധ്യമം ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ് അധ്യക്ഷനായി. ട്രഷറര്‍ പി വിപുല്‍നാഥ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വോ, കെ.ഡി.എഫ്.എ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ കുട്ടിശങ്കരന്‍, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി അബൂബക്കര്‍, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി കെ.സി റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."