മുദ്രപത്രം കിട്ടാക്കനി..!
നീലേശ്വരം: ജില്ലയില്‍ ആവശ്യത്തിന് മുദ്ര പത്രങ്ങള്‍ ലഭിക്കാത്തത് ഇടപാടുകാരെ ദുരിതത്തിലാക്കുന്നു. അത്യാവശ്യമുള്ള മുദ്രപത്രങ്ങള്‍ക്കാണ് കൂടുതലായും ക്ഷാമം അനുഭവപ്പെടുന്നത്. എന്നാല്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ജില്ലയിലേക്കു മുദ്രപത്രം എത്തിക്കാന്‍ നടപടിയില്ല.
കണ്ണൂരിലെ മുദ്രപത്ര ഡിപ്പോയില്‍ നിന്നാണു ജില്ലാ ട്രഷറി അധികൃതര്‍ ജില്ലയിലേക്കുള്ള മുദ്രപത്രങ്ങള്‍ കൊണ്ടുവരുന്നത്. കണ്ണൂരില്‍ പത്രം സ്റ്റോക്കുണ്ടായിട്ടും എത്തിക്കാനുള്ള വാഹനം കേടായിക്കിടക്കുകയാണെന്നും ഇവിടെയും മുദ്രപത്രം ഇല്ലെന്നുമുള്ള പരസ്പര വിരുദ്ധമായ മറുപടികളാണ് ഇക്കാര്യം അന്വേഷിക്കുന്നവര്‍ക്കു ജില്ലാ ട്രഷറി അധികൃതര്‍ നല്‍കുന്നതെന്നു ആരോപണമുണ്ട്. ജില്ലയിലെ ആവശ്യം കണ്ടറിഞ്ഞ് ഇന്‍ഡന്റ് നല്‍കുന്നതിലെ വീഴ്ചയാണ് ജില്ലയില്‍ ഇടക്കിടെ മുദ്രപത്രം കിട്ടാനില്ലാത്ത സ്ഥിതിയുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. 200, 100, 50 രൂപ മുദ്രപത്രങ്ങളാണു ജില്ലയില്‍ ക്രമേണ കിട്ടാതായത്.
നീലേശ്വരത്ത് ഇത്രയും ദിവസം ഇവ ലഭ്യമായിരുന്നുവെങ്കിലും എല്ലാവരും മുദ്രപത്രങ്ങള്‍ക്കായി നീലേശ്വരത്തെത്തിയതോടെ ഇവിടെയും സ്റ്റോക്ക് തീരുകയായിരുന്നു. 200 രൂപയുടെ മുദ്രപത്രം കഴിഞ്ഞ ഒരുമാസമായി തീരെ ലഭിക്കുന്നില്ല.
എഗ്രിമെന്റുകള്‍ക്കു നേരത്തെ 100 രൂപയുടെ മുദ്രപത്രമാഅ ഉപയോഗിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ഇത് 200 ആക്കി മാറ്റിയത്. ഇതോടെ പ്രതിദിനം നിരവധി പേരാണു 200 രൂപയുടെ മുദ്രപത്രത്തിനെത്തുന്നത്.
ചുവപ്പുനാടയില്‍ കുരുങ്ങി മുദ്രപത്ര ഡിപ്പോ
നീലേശ്വരം: ജില്ലയില്‍ അനുവദിച്ച മുദ്രപത്ര ഡിപ്പോ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. മുദ്രപത്രക്ഷാമത്തില്‍ ഇടപാടുകാര്‍ നട്ടം തിരിയുമ്പോഴും ജില്ലയില്‍ അനുവദിച്ച മുദ്രപത്ര ഡിപ്പോ തുടങ്ങാന്‍ നടപടിയായില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ഡോ. തോമസ് ഐസക് ആണു ജില്ലയില്‍ മുദ്രപത്ര ഡിപ്പോ അനുവദിച്ചത്. സ്ഥലം കണ്ടെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ മുറയ്ക്കു നടന്നെങ്കിലും തുടര്‍നടപടികള്‍ സ്തംഭിച്ചു. നിലവില്‍ കണ്ണൂരിലെ ഡിപ്പോയില്‍ എത്തിയാണു ജില്ലാ ട്രഷറി അധികൃതര്‍ പേപ്പര്‍ എടുക്കുന്നത്. റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ടു ജില്ലയുടെ സ്വന്തം മുദ്രപത്ര ഡിപ്പോ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."