റോഹിംഗ്യ: ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ വിഷയത്തില്‍ ഇന്ത്യക്കെതിരേ വിമര്‍ശനമുന്നയിച്ച ഐക്യരാഷ്ട്രസഭക്ക് മറുപടിയുമായി ഇന്ത്യന്‍ അംബാസിഡര്‍. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് കെ ചന്ദറാണ് യു.എന്‍ വിമര്‍ശനത്തിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവങ്ങളെ യു.എന്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇന്ത്യയുടെ സ്വതന്ത്രമായ നിയമസംവിധാനം, മാധ്യമസംവിധാനം, ഊര്‍ജസ്വലമായ സമൂഹം, നിയമത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള പ്രതിപത്തി തുടങ്ങിയവയില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മറ്റേതു രാജ്യത്തുമെന്നതുപോലെ ഇന്ത്യയും അനധികൃതമായി വരുന്ന കുടിയേറ്റക്കാരെക്കുറിച്ച് ബോധവാന്മാരാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി പൊതുവേദിയില്‍ ശക്തമായി അപലപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യന്‍ സംസ്ഥാനമായ കശ്മിരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് യു.എന്‍ അഭയാര്‍ഥി കൗണ്‍സില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
തിങ്കളാഴ്ച ജനീവയില്‍ നടന്ന മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു ഇന്ത്യക്കെതിരായ യു.എന്നിന്റെ വിമര്‍ശനം. യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ ആണ് ഇന്ത്യക്കെതിരേ വിമര്‍ശനമുന്നയിച്ചത്. സ്വന്തം രാജ്യത്ത് റോഹിംഗ്യകള്‍ക്കു നേരെ അക്രമം നടക്കുമ്പോള്‍ അവരെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നടപടികളെ അപലപിക്കുന്നതായി യു.എന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമപ്രകാരം ഈ വിഷയത്തില്‍ ഇന്ത്യക്കും ഉത്തരവാദിത്തങ്ങളുണ്ടെന്നും സെയ്ദ് റാദ് വ്യക്തമാക്കിയിരുന്നു. ബീഫിന്റെ പേരില്‍ ആളുകളെ കൊല ചെയ്യുന്നതും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമെല്ലാം ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."