ജിഷ്ണു പ്രണോയിയുടെ മരണം: കുടുംബവുമായുണ്ടായ അകല്‍ച്ച മാറ്റാന്‍ പുതിയ തന്ത്രവുമായി സി.പി.എം
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നാലെ കുടുംബവുമായുണ്ടായ അകല്‍ച്ച മാറ്റാന്‍ സി.പി.എം രംഗത്ത്. ജിഷ്ണു പ്രണോയിയുടെ ചിത്രങ്ങള്‍ പാര്‍ട്ടി കീഴ്ഘടകമായ എസ്.എഫ്.ഐയുടെ ഫഌക്‌സ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചും സഹോദരി അവിഷ്ണയ്ക്ക് ഡി.വൈ.എഫ്.ഐ അംഗത്വം നല്‍കിയുമാണ് പാര്‍ട്ടി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നത്. സഹോദരിക്ക് ഡി.വൈ.എഫ്.ഐ അംഗത്വം നല്‍കിയാണ് നാദാപുരം ബ്ലോക്ക്തല അംഗത്വവിതരണത്തിനു സംഘടന തുടക്കം കുറിച്ചത്.
കോഴിക്കോട് എസ്.എഫ്.ഐ ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള സംസ്ഥാന ജാഥയുടെ പ്രചാരണാര്‍ഥമുള്ള ഫഌക്‌സ് ബോര്‍ഡുകളിലാണ് ചെഗുവേര, പെരുമാള്‍ മുരുകന്‍, മലാല എന്നിവര്‍ക്കൊപ്പം ജിഷ്ണുവും ഇടം നേടിയത്. എത്ര ശ്രമിച്ചിട്ടും പാര്‍ട്ടിയും കുടുംബവും തമ്മില്‍ അകല്‍ച്ചയില്ലെന്ന് പൊതുസമൂഹത്തില്‍ തെളിയിക്കാന്‍ സി.പി.എമ്മിനു സാധിച്ചിരുന്നില്ല.
നെഹ്‌റു കോളജ് അധികൃതര്‍ക്ക് സഹായകരമായ സമീപനം പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പൊലിസ് മേധാവിയുടെ ആസ്ഥാനത്ത് മാതാവ് മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയും ജിഷ്ണുവിന്റെ കുടുംബവും അകന്നത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാകാത്തതിനെ തുടര്‍ന്ന് നിരാഹാര സമരത്തിനെത്തിയപ്പോള്‍ മഹിജയെ ഡി.ജി.പി ഓഫിസിന് മുന്നില്‍ പൊലിസ് ക്രൂരമായി അക്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും പൊതുസമൂഹത്തില്‍നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പ്രാദേശിക പാര്‍ട്ടി ഘടകവും കടുത്ത സി.പി.എം അനുഭാവികളായിരുന്നവര്‍ പോലും അന്നു സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരുന്നു.
പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഫോണില്‍ ബന്ധപ്പെടുകയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ വളയത്തെ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്ത് പാര്‍ട്ടി കുടുംബത്തെ കൈയൊഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സംഭവം നടന്ന അടുത്ത ദിവസങ്ങളില്‍ കോഴിക്കോട് പൊതുപരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തത് കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി.
കൂടാതെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ മഹിജയുടെ സമരത്തിനെതിരേ പ്രതികരിച്ചതും ജിഷ്ണു പ്രണോയ് എസ്.എഫ്.ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ലെന്നും സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് മരിച്ചവര്‍ രക്തസാക്ഷികളല്ലെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് നടത്തിയ വിവാദ പരാമര്‍ശവും പാര്‍ട്ടി കുടുംബവുമായി അകന്നതിന്റെ സൂചനകളായിരുന്നു.
സി.പി.എം വളയം ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് എസ്.യു.സി.ഐയുമായി ബന്ധമുള്ളയാളാണെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചും ഈ സ്ഥാനത്തുനിന്ന് നീക്കാന്‍ വരെ അന്നു ശ്രമങ്ങളുണ്ടായിരുന്നു. ഇതെല്ലാമാണ് ജിഷ്ണുവിന്റെ കുടുംബം പാര്‍ട്ടിയുമായി അകലാന്‍ കാരണമായിത്തീര്‍ന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചകളില്ലെന്ന് അറിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയുമായി കുടുംബത്തിന്റെ അകല്‍ച്ച വീണ്ടും ചര്‍ച്ചാ വിഷയമായി.
അതിനിടയിലാണ് സഹോദരിക്ക് ഡി.വൈ.എഫ്.ഐ അംഗത്വം നല്‍കിയും പാര്‍ട്ടിയുടെ കീഴ്ഘടകമായ എസ്.എഫ്.ഐയുടെ ഫഌക്‌സ് ബോര്‍ഡുകളില്‍ പ്രമുഖര്‍ക്കൊപ്പം ജിഷ്ണുവിന് ഇടം നല്‍കിയും പാര്‍ട്ടി പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."