ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറികളില്‍ ഇന്റലിജന്‍സ് പരിശോധന
കട്ടപ്പന: ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറികളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിലെ പാറമടയിലെ വെള്ളക്കെട്ടില്‍ വീണു വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണു ജില്ലയിലെ അപകടകരമായി വെള്ളം കെട്ടിനില്‍ക്കുന്ന പാറമടകളുടെ കണക്കെടുപ്പു നടത്താന്‍ തീരുമാനിച്ചത്.
മഴ കനത്തതോടെ പാറമടകളില്‍ അപകടക്കെണിയൊരുക്കി വെള്ളം നിറഞ്ഞു. മീന്‍ പിടിക്കാനും കുളിക്കാനുമെത്തുന്ന വിദ്യാര്‍ഥികളാണു പലപ്പോഴും അപകടത്തിനിരയാകുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ത്വരിത പരിശോധന. സംസ്ഥാനത്തുടനീളം പാറമടകളിലെ വെള്ളത്തില്‍ വീണ് ഒട്ടേറെപ്പേര്‍ മരിച്ചിരുന്നു. അപകടകരമായ പാറമടകള്‍ കണ്ടെത്തി അടുത്ത മഴക്കാലത്തിനു മുന്‍പു മുന്‍കരുതല്‍ നടപടി സ്വീകരിക്കാനാണു നീക്കം.
ഇതിനായി പൊലിസ്, റവന്യു വിഭാഗങ്ങള്‍ക്കു കണക്കെടുപ്പിനുശേഷം സര്‍ക്കാര്‍ മുന്കരുതലെടുക്കുന്നതിനുള്ള നിര്‍ദേശം നല്‍കും.
ഹൈറേഞ്ച് മേഖലയില്‍ ആദ്യദിന കണക്കെടുപ്പില്‍ അപകട ഭീഷണിയുയര്‍ത്തുന്ന പത്ത് പാറമടകള്‍ നിലവിലുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. റവന്യു, ജിയോളജി വിഭാഗത്തിന്റെ നിയമങ്ങള്‍ കാറ്റില്‍പറത്തി കിലോമീറ്ററുകളോളം ആഴത്തില്‍ നടത്തിയിരിക്കുന്ന അനധികൃത ഖനങ്ങളും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. ഇവിടങ്ങളിലാണു കോടിക്കണക്കിനു ലീറ്റര്‍ വെള്ളം അപകട ഭീഷണി ഉയര്‍ത്തി കെട്ടിക്കിടക്കുന്നത്. ഈ ആഴ്ച തന്നെ സര്‍ക്കാരിന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."