പെരിയങ്ങാനത്ത് വിലക്കു ലംഘിച്ചു നടന്ന ശോഭായാത്ര പൊലിസ് തടഞ്ഞു
കരിന്തളം: വിലക്കു ലംഘിച്ചു നടത്തിയ ശോഭായാത്ര പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്നു ശോഭായാത്രയില്‍ പങ്കെടുത്തവര്‍ നാമജപവും ഭജനയും നടത്തി പിരിഞ്ഞുപോയി. നാലു പേര്‍ അറസ്റ്റു വരിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം ധര്‍മശാസ്താംകാവില്‍ നിന്നു പുറപ്പെട്ട ബാലഗോകുലം ശ്രീകൃഷ്ണജയന്തി ശോഭായാത്രയാണു പൊലിസ് തടഞ്ഞത്.
കരിന്തളം പാഞ്ചജന്യം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ 19 വര്‍ഷമായി നടന്നു വരുന്ന ശോഭായാത്രയാണു നീലേശ്വരം പൊലിസ് തടഞ്ഞത്. കുമ്പളപ്പള്ളി, കാലിച്ചാമരം, കോയിത്തട്ട വഴി ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും വിധമാണു ശോഭായാത്ര നടത്താറുള്ളത്.
ശോഭായാത്ര കടന്നു പോകുന്ന വഴിയായ കാലിച്ചാമരത്ത് ഇക്കുറി ഡി.വൈ.എഫ്‌ഐ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണം സാംസ്‌കാരികോത്സവവും പഞ്ചായത്തുതല കമ്പവലി മത്സരവും നടക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതേ തുടര്‍ന്നു ശോഭായാത്ര നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം ആഘോഷ പ്രമുഖ് കെ. വിജീഷിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
നേരത്തെ നിശ്ചയിച്ച വഴിയില്‍ ശോഭായാത്ര നടത്തുമെന്ന തീരുമാനത്തില്‍ ആഘോഷ കമ്മിറ്റിയും ഉറച്ചു നിന്നു. ഇതോടെ വെള്ളരിക്കുണ്ട് സി.ഐ സുനില്‍കുമാര്‍ നീലേശ്വരം, നീലേശ്വരം എസ്.ഐ, മെല്‍വിന്‍ ജോസ്, പ്രബേഷന്‍ എസ്.ഐ ഭവീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തി.
വൈകിട്ട് അഞ്ചോടെ ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തിയാക്കി ആഘോഷ കമ്മിറ്റി രക്ഷാധികാരി കുഞ്ഞമ്പുവിന്റെ കൈയില്‍ നിന്നു ഗോകുലപതാകയും ഏറ്റുവാങ്ങി ആഘോഷ കമ്മിറ്റി ഉപാധ്യക്ഷന്‍ വി.സി പത്മനാഭന്‍, ബി.ജെ.പി കാഞ്ഞങ്ങാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എസ്.കെ ചന്ദ്രന്‍, ആര്‍.എസ്.എസ് നീലേശ്വരം താലൂക്ക് കാര്യവാഹ് എ.വി ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നീങ്ങിയ ശോഭായാത്ര ക്ഷേത്രകമാനത്തിനു കീഴെ പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്നു ക്ഷേത്രവഴിയില്‍ കുത്തിയിരുന്നു നാമജപവും ഭജനയും നടത്തി.
ആഘോഷ കമ്മിറ്റി സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി.
ഇതുപ്രകാരം അഞ്ചരയോടെ ശോഭായാത്ര പിരിഞ്ഞു പോയി. എ.വി ഹരീഷ്, എസ്.കെ ചന്ദ്രന്‍, വി.സി പത്മനാഭന്‍,രാധാകൃഷ്ണണ്ടന്‍ കരിമ്പില്‍ എന്നിവര്‍ അറസ്റ്റു വരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."