കെ.എസ്.ആര്.ടി.സി ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കിവിടുന്നുവെന്ന് ആക്ഷേപം
കാസര്‍കോട്: ഏറെ തിരക്കേറിയ നഗരത്തിലെ കവലയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ യാത്രക്കാരെ സ്റ്റാന്ഡിലിറക്കാതെ റോഡരികില്‍ ഇറക്കി വിടുന്നതായി പരാതി. കണ്ണൂര്‍ ഭാഗത്തു നിന്നും ജില്ലയുടെ തെക്കു കിഴക്ക് ഭാഗങ്ങളില്‍ നിന്നുമെത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളാണു ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഇറക്കിവിടുന്നത്. നഗരത്തിലെത്തുന്ന ബസുകള്‍ ഉള്‍പ്പെടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഈ ഭാഗത്തു ഇറങ്ങേണ്ട ആളുകളെ ഇറക്കിയ ശേഷം പഴയ ബസ് സ്റ്റാന്‍ഡിലേക്കും കെ.എസ്.ആര്.ടി.സി സ്റ്റാന്ഡിലേക്കുമാണു പോകേണ്ടത്. മുമ്പ് ഈ രീതിയില്‍ ബസുകളില്‍ നിന്നും ആളുകളെ ഇറക്കി വിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പാത മുറിച്ചു കടക്കുമ്പോള്‍ ഒട്ടനവധി അപകടങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എല്ലാ ബസുകളും പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ആളുകളെ ഇറക്കണമെന്ന തീരുമാനം സ്വീകരിച്ചത്. കുറച്ചുകാലം എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ആളുകളെ ഇറക്കിയ ശേഷം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍ കെ.എസ്.ആര്.ടി.സി ഇതില്‍ നിന്നു വിഭിന്നമായ രീതിയാണ് ഇപ്പോള്‍ തുടരുന്നതെന്നാണ് ആക്ഷേപം.
യാത്രക്കാര്‍ ജീവന് പണയം വച്ചു വേണം പാത മുറിച്ചു കടന്നു ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിടിക്കാനും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ആശുപത്രി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെത്താനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."