വേങ്ങരയില്‍ തെരഞ്ഞെടുപ്പ് കാഹളം: അങ്കത്തിന് ഇനി ഒരു മാസം മാത്രം...
മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇനി കഷ്ടി ഒരു മാസം മാത്രം. അടുത്ത 11നാണ് തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും പത്രികാ സമര്‍പ്പണവും പ്രചാരണവുമെല്ലാം നടത്തേണ്ടതിനാല്‍ ജില്ലയിലെ രാഷ്ട്രീയം ഇനി ചൂടുപിടിക്കും. പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കു തെരെഞ്ഞെടുക്കപ്പെട്ടതു മുതല്‍ വിജ്ഞാപനവും കാത്തുകഴിയുകയായിരുന്നു ജില്ല.
ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയപാര്‍ട്ടികളും ആദ്യഘട്ട ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ലീഗ് പരിഗണിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. ഇരു മുന്നണികളും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍നിന്നു രണ്ടു തവണയും യു.ഡി.എഫാണ് വിജയിച്ചത്. 2011ല്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി കെ.പി ഇസ്മാഈലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എം.പിയായിരുന്ന ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞുടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
പറപ്പൂര്‍, ഊരകം, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര ഒതുക്കുങ്ങല്‍ തുടങ്ങി ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1.55 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഊരകം, എ.ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നണിയായും വേങ്ങരയില്‍ മുസ്‌ലിംലീഗ് തനിച്ചും കണ്ണമംഗലത്തു ലീഗും ഒരു വിഭാഗം കോണ്‍ഗ്രസും പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നണിയുമാണ് ഭരണം നടത്തുന്നത്.
'ടൈം ഈസ് ഓവര്‍; ചോദ്യമിതാണ്, ആരാണ് മത്സരിക്കുന്നത്?'
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത 11നു നടക്കാനിരിക്കെ ഇന്നു മുതല്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകും. തെരഞ്ഞെടുപ്പിന് ഇനി ഒരു മാസംപോലും തികച്ചില്ലെന്നിരിക്കേ, പാര്‍ട്ടികള്‍ക്കു ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപനവും അധികം നീട്ടിക്കൊണ്ടുപോകാനാകില്ല.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടാറുംമുന്‍പാണ് വേങ്ങരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമായത്. ഇ. അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചിരുന്ന മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാര്‍ന്ന വിജയമായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അജന്‍ഡ. ലീഗിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതോടെ യു.ഡി.എഫ് കെട്ടുറപ്പില്‍ വിജയത്തിളക്കം ആവര്‍ത്തിക്കാനുമായി.
ഇതേ പ്രത്യേകതകളെ മുന്‍നിര്‍ത്തിയാണ് നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച വേങ്ങരയിലും മുന്നണി പ്രവര്‍ത്തകരുടെ 'ഡ്യൂട്ടി'. മണ്ഡലത്തില്‍ എല്‍.ഡി.എഫിനും അഭിമാന പോരാട്ടമാണ്. വിജയസാധ്യതയില്ലെങ്കിലും സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും പ്രധാനപ്പെട്ടതാണ്. നേരത്തെ ഐ.എന്‍.എല്‍ മത്സരിച്ചിരുന്ന വേങ്ങര സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സി.പി.എം തിരിച്ചുവാങ്ങിയത്. എന്നാല്‍, വേങ്ങരയിലേക്കു പാര്‍ട്ടി പ്രധാന പേരുകളൊന്നും കാണുന്നില്ല. ന്യൂനപക്ഷ സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയ ബി.ജെ.പി ഇത്തവണ അത്തരമൊരു പരീക്ഷണത്തിനു മുതിരാനിടയില്ല. മലപ്പുറത്തെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബി.ജെ.പിയെ കുഴക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."