ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വിജയത്തുടക്കം
റിയോ ഡി ജനീറോ: വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സിള്‍ ഇന്ത്യക്ക് വിജയത്തുടക്കം. സൂപ്പര്‍ താരം സൈന നേഹ്‌വാളും പി.വി സിന്ധുവും മികച്ച വിജയം സ്വന്തമാക്കി. സൈന ആതിഥേയരായ ബ്രസീലിന്റെ ലൊഹെയ്‌നി വിസെന്റെയെ വീഴ്ത്തിയപ്പോള്‍ സിന്ധു ഹംഗറിയുടെ ലോറ സാറോസിയെയാണ് വീഴ്ത്തിയത്.
ലോഹെയ്‌നിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-17. ജയത്തോടെ മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാനും സൈനയ്ക്ക് സാധിച്ചു. ആദ്യ സെറ്റില്‍ ബ്രസീലിയന്‍ താരം നിറം മങ്ങി പോയപ്പോള്‍ മികച്ച ലീഡുമായി മുന്നിലെത്താന്‍ സൈനയ്ക്കായി. ഇടയ്ക്ക് സൈനയുടെ പിഴവുകള്‍ മുതലെടുത്ത് വിസെന്റെ മത്സരത്തില്‍ തിരിച്ചെത്തി. എന്നാല്‍ മികവോടെ പൊരുതിയ സൈന സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇതേ രീതിയിലാണ് മത്സരം നടന്നത്. അവസാന നിമിഷം തുടരെ പോയിന്റുകള്‍ സ്വന്തമാക്കിയാണ് സൈന മത്സരം സ്വന്തമാക്കിയത്. ഉക്രൈന്റെ മരീജ ഉലിതിനയാണ് അടുത്ത മത്സരത്തില്‍ സൈനയ്ക്ക് എതിരാളി.
അതേസമയം സിന്ധു ഹംഗേറിയന്‍ താരത്തിനെതിരേ അനായാസ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍ 21-8, 21-9. മത്സരത്തിന്റെ തുടക്കം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയ സിന്ധു ഒരിക്കല്‍ പോലും സാറോസിക്ക് തിരിച്ചു വരവിന് അവസരം നല്‍കിയില്ല.
ഗ്രൂപ്പ് എമ്മിലെ അടുത്ത മത്സരത്തില്‍ കാനഡയുടെ മിഷേല്‍ ലീയാണ് സിന്ധുവിന് എതിരാളി. ഈ മത്സരത്തില്‍ ജയിച്ചാല്‍ താരത്തിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
ഡബിള്‍സില്‍ തുടക്കം
തോല്‍വിയോടെ
വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ആദ്യം തോറ്റത്. ജാപ്പനീസ് ജോഡിയായ മിസാകി മറ്റ്‌സുറ്റോമോ-അയാക തകാഹാഷി സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം അടിയറവ് പറഞ്ഞത്. സ്‌കോര്‍ 15-21, 10-21.
ജാപ്പനീസ് സഖ്യത്തിനെതിരേ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ജ്വാല-അശ്വിനി സഖ്യത്തിന് സാധിച്ചില്ല. ആദ്യ സെറ്റില്‍ 5-2ന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യം അനാവശ്യ പിഴവുകള്‍ വരുത്തി മിസാകി-തകാഹാഷി സഖ്യത്തിന് തിരിച്ചുവരവിന് അവസരമൊരുക്കി. ജ്വാല-അശ്വിനി ജോഡിക്ക് മത്സരത്തിലുണ്ടായ ആശയക്കുഴപ്പങ്ങളും ജാപ്പനീസ് ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കി. അടുത്ത മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ സുപജിരാകുല്‍-തായ്‌രത്തന്‍ചായ് സഖ്യമാണ് ഇന്ത്യന്‍ ജോഡിക്ക് എതിരാളി. ഈ മത്സരത്തില്‍ ജയിച്ചാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാന്‍ ഇന്ത്യക്ക് സാധിക്കും.
പുരുഷ വിഭാഗത്തിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. മനു അത്രി-സുമീത് റെഡ്ഡി സഖ്യം ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഇന്തോനേഷ്യയുടെ അഹ്‌സാന്‍ മുഹമ്മദ്-സെത്യാവാന്‍ ഹെന്‍ദ്ര സഖ്യത്തോടായിരുന്നു തോല്‍വി. സ്‌കോര്‍ 18-21, 13-21. ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് മനു-സുമീത് സഖ്യം പരാജയം വഴങ്ങിയത്. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യന്‍ സഖ്യത്തിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവൂ. വമ്പന്‍മാരായ ജപ്പാനും ചൈനയും ഈ മത്സരങ്ങളില്‍ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."