വിനോദ സഞ്ചാര വകുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് വലിയപറമ്പ
പുളിമുട്ട് ഉള്‍പ്പടെയുള്ള വലിയപറമ്പ് പഞ്ചായത്തിലെ കടലും കായലും ഉപയോഗപ്പെടുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാര വകുപ്പു വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്
തൃക്കരിപ്പൂര്‍: വിനോദസഞ്ചാര വകുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചു വലിയപറമ്പ പഞ്ചായത്ത്. 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടലോരമുള്ള കേരളത്തിലെ ഏക പഞ്ചായത്താണ് വലിയപറമ്പ. കടലും കായലും കൈകോര്‍ക്കുന്ന വലിയപറമ്പ മാവിലാക്കടപ്പും ഒരിയര പുളിമുട്ട് പ്രദേശത്ത് അസ്തമന സൂര്യന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ദിനേന നൂറുക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. പുളിമുട്ട് ഉള്‍പ്പടെയുള്ള വലിയപറമ്പ് പഞ്ചായത്തിലെ കടലും കായലും ഉപയോഗപ്പെടുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാര വകുപ്പ് വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി ഭൂദൃശ്യം തയാറാക്കുന്നതില്‍ വിദഗ്ധനായ വാസ്തുശില്പി ചെന്നൈയില്‍ നിന്നുള്ള രഘുരാമന് കഴിഞ്ഞ ദിവസം വലിയപറമ്പിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ചു.
വലിയപറമ്പില്‍ കടല്‍ കാഴ്ച കാണാനെത്തുന്നവര്‍ക്കും മറ്റു വിനോദസഞ്ചാരികള്‍ക്കും അടിസ്ഥാന സൗകര്യത്തിന്റെ ആദ്യപടി എന്ന നിലയില്‍ പുളിമുട്ടില്‍ നടപ്പാതയൊരുക്കി ഇരിപ്പിടം സ്ഥാപിക്കും.
പുളിമുട്ട് പുറമ്പോക്കു ഭൂമിയില്‍ പാര്‍ക്ക്, ലഘുഭക്ഷണ ശാല, വലിയപറമ്പ തെക്കന്‍ മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, ഇടയിലെക്കാട് തെക്കേ മുനമ്പില്‍ ഇരിപ്പിടവും മറ്റുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കാനാണു പദ്ധതി തയാറാക്കുന്നത്.
പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തു വിനോദസഞ്ചാര മേഖലയില്‍ പ്രധാന കേന്ദ്രമായി വലിയപറമ്പ് മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."