ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എ.സി മൊയ്തീന്‍
തിരുവനന്തപുരം: കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി എ.സി മൊയ്തീന്‍. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായും കായിക മന്ത്രി വര്‍ക്കിങ് ചെയര്‍മാനുമായി സംഘാടക സമിതിയും രൂപീകരിച്ചു. മത്സരത്തിന്റെ പ്രചാരണത്തിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രചരാണാര്‍ഥം വണ്‍ മില്ല്യണ്‍ ഗോള്‍, ദീപശിഖാ റിലേ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഈ മാസം 27ന് വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും വിവിധ സ്‌കൂള്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ പത്ത് ലക്ഷം ഗോളുകള്‍ അടിക്കും. വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകളെ ഫിഫ ലോകകപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമാക്കിയിട്ടുണ്ട്.
ദീപശീഖാ റിലേ ഒക്‌ടോബര്‍ മൂന്നിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ആരംഭിക്കും. ഐ.എം വിജയന്‍, സി.കെ വിനീത് എന്നിവര്‍ നേതൃത്വം നല്‍കുന്ന റിലേ ആറിന് കൊച്ചിയില്‍ എത്തിച്ചേരും. ഓരോ ദിവസത്തെയും സമാപനത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. അതാത് ജില്ലയിലെ കായിക താരങ്ങള്‍, പഴയ കായിക താരങ്ങള്‍, സാംസ്‌കാരിക നായകന്‍മാര്‍, ജനപ്രതിനിധികള്‍ എിവര്‍ പങ്കെടുക്കും. ബോള്‍ റണ്‍ തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയില്‍ നിന്ന് ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച് ആറിന് കൊച്ചിയില്‍ സമാപിക്കും. ബോള്‍ റണ്ണിന് ജിജു ജേക്കബ്, എം രാജീവ് കുമാര്‍, വി.പി ഷാജി എന്നിവര്‍ നതൃത്വം നല്‍കും.
ഈ മാസം 22ന് കൊച്ചിയില്‍ എത്തിച്ചേരുന്ന ലോകകപ്പ് ട്രോഫിക്ക് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ച് സ്വീകരണം നല്‍കും. 23ന് കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനം പര്യടനം നടത്തിയതിനു ശേഷം 24ന് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ കലാപരിപാടികളോടെ സമാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനും സ്പീക്കേഴ്‌സ് ഇലവനും തമ്മിലും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ തമ്മിലും മാധ്യമപ്രവര്‍ത്തകരുടെ ടീമുകള്‍ തമ്മിലുമാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍. മത്സരങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമായി നടക്കുമെന്നും മന്ത്രി അറിയിച്ചു.
47.33 കോടിയുടെ
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 47.33 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മന്ത്രി എ.സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെഹ്‌റു സ്റ്റേഡിയത്തിന്റെയും ഇവിടേക്കുള്ള റോഡുകളുടെയും സൗന്ദര്യവത്കരണത്തിനായി 17.77 കോടിയും വിനിയോഗിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു കോടി വിനിയോഗിച്ചു. നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 12.44 കോടിയുടെ സഹായം നല്‍കിയതായും മന്ത്രി അറിയിച്ചു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ ഏഴ്, 10, 13, 18, 22 തിയതികളിലാണ് ലോകകപ്പ് മത്സരങ്ങള്‍. മൊത്തം എട്ട് മത്സരങ്ങളാണ് കൊച്ചിയില്‍ അരങ്ങേറുന്നത്. ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലും രാത്രി എട്ടിന് ദക്ഷിണ കൊറിയയും നൈജറും തമ്മിലുമുള്ള മത്സരം നടക്കും. 10ന് വൈകിട്ട് അഞ്ചിന് സ്‌പെയിന്‍- നൈജര്‍, രാത്രി എട്ടിന് ദക്ഷിണ കൊറിയ- ബ്രസീല്‍. 13ന് വൈകിട്ട് അഞ്ചിന് ഗിനിയ- ജര്‍മനി. രാത്രി എട്ടിന് സ്‌പെയിന്‍- ദക്ഷിണ കൊറിയ. 18ന് പ്രീ ക്വാര്‍ട്ടറും 22ന് ക്വാര്‍ട്ടര്‍ ഫൈനലും നടക്കും.
രാജ്യാന്തര സ്റ്റേഡിയത്തിലെ കടകള്‍ സുരക്ഷക്ക് ഭീഷണി; കൊച്ചിയിലെ വേദി മാറ്റുമെന്ന് ഫിഫയുടെ അന്ത്യശാസനം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചിയിലേ വേദി മാറ്റുമെന്ന് ഫിഫ. ഹൈക്കോടതി കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഇന്ന് പരിഗണനയ്ക്ക് എടുക്കാനിരിക്കേയാണ് ഫിഫയുടെ അന്ത്യശാസനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത്. മതിയായ സുരക്ഷ ഉറപ്പാക്കി മാത്രമേ മത്സരങ്ങള്‍ നടത്താനാകൂ എന്നാണ് ഫിഫയുടെ നിലപാട്. ഇതുസംബന്ധിച്ച ഫിഫയുടെ നിര്‍ദേശം ലഭിച്ചതായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും വ്യക്തമാക്കി.
സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമെന്ന് കൊച്ചിക്ക് വേദി അനുവദിച്ചപ്പോള്‍ തന്നെ ഫിഫ വ്യക്തമാക്കിയതാണ്. മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കടകള്‍ ഒഴിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാരും ഫിഫക്ക് ഉറപ്പു നല്‍കിയതാണ്. എന്നാല്‍, ഇതിനെതിരേ കടയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ മത്സരങ്ങളുടെ ഭാവി ഫിഫ തീരുമാനിക്കുക. 21 ന് പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വരെയാണ് കടകള്‍ ഒഴിയുന്നതിന് സമയം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."