പൊലിസില്‍ ഒരു വിഭാഗത്തെ നിഷ്‌ക്രിയരും മറുവിഭാഗത്തെ അക്രമാസക്തരുമാക്കി: സുധീരന്‍
കൊല്ലം: പൊലീസില്‍ ഒരു വിഭാഗത്തെ നിഷ്‌ക്രിയമാക്കുകയും മറുവിഭാഗത്തെ അക്രമാസക്തരാക്കുകയുമാണ് ഇടത്ഭരണം ചെയ്യുന്നതെന്ന്‌കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സബ്ബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തിയ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വയര്‍ലെസ് സെറ്റ് കൊണ്ട് പൊലീസുകാര്‍ യാത്രക്കാരുടെ തലയടിച്ച് പൊളിക്കുന്നു. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി വേദി പങ്കിടുന്നു. ആ ഉദ്യോഗസ്ഥന് ഉയര്‍ന്ന പദവി നല്‍കുന്നു. സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുകയാണ് പുതിയ പൊലീസ് നയം. വയര്‍ലെസ്സിന്റെ അടിയേറ്റ് തല പൊളിഞ്ഞ ചെറുപ്പക്കാരനോട് ഡി.ജി.പി മാപ്പു പറഞ്ഞതുകൊണ്ടോ പിണറായി പൊലീസിനെ തള്ളിപ്പറഞ്ഞതുകൊണ്ടാ കാര്യമില്ല. ആശുപത്രിയില്‍ കിടക്കുന്ന ആ ചെറുപ്പക്കാരന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം. പൊലീസുകാരനെ രക്ഷിക്കാനുള്ള കള്ളക്കളി നടക്കില്ലെന്നും സുധീരന്‍ പറഞ്ഞു. ഭാഗപത്ര രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധന പൂര്‍ണമായി പിന്‍വലിക്കും വരെ കോണ്‍ഗ്രസ് സമരം തുടരും. നാമമാത്രമായ ഇളവ് നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന് കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.
കലക്‌ട്രേറ്റിന് സമീപം സബ്ബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണയില്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. രമണന്‍ അധ്യക്ഷനായി.ഡി.സി.സി മുന്‍ പ്രസിഡന്റ് ജി. പ്രതാപവര്‍മ്മ തമ്പാന്‍, എ.കെ ഹഫീസ്, സൂരജ് രവി, കെ സോമയാജി, കെ കരുണാകരന്‍ പിള്ള, ജോര്‍ജ്ജ് ഡി കാട്ടില്‍, കൃഷ്ണവേണി ശര്‍മ്മ, നൂറുദ്ദീന്‍കുട്ടി, പി ആര്‍ പ്രതാപചന്ദ്രന്‍, ബിജു ലൂക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."