റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ കത്തുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്; നടന്നത് ആസൂത്രിത ക്യാംപയിന്
മ്യാന്മര്: മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ആസൂത്രിത ക്യാംപയിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ആംനെസ്റ്റി പുറത്തു വിട്ടു. റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ കൂട്ടത്തേടെ കത്തുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ആംനസ്റ്റി പുറത്തു വിട്ടത്.
സൈന്യത്തിന്റെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണിത്. ന്യൂനപക്ഷമായ റോഹിംഗ്യകളെ രാജ്യത്തു നിന്ന് പുറത്താക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനുള്ള തെളിവാണിതെന്ന് ആംനസ്റ്റി പറഞ്ഞു. തീവ്രവാദികളെയാണ് തങ്ങള്‍ ഉന്നമിടുന്നതെന്നും സിവിലിയന്മാരെ ഉപദ്രവിക്കുന്നില്ലെന്നുമായിരുന്നു സൈന്യത്തിന്റെ വാദം.
റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും ഉയരുന്നത്. മ്യാന്മര് സര്‍ക്കാര്‍ നടത്തുന്ന വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ രക്ഷാസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. മ്യാന്മറില് നടക്കുന്നത് മഹാദുരന്തമാണെന്നാണ് യോഗംവിലയിരുത്തിയത്.
അതേസമയം, റോഹിംഗ്യക്കാരുടെ പ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്തതായി മ്യാന്മര് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ റാഖിന് പ്രദേശങ്ങളിലെ 471 റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ 176 ഗ്രാമങ്ങളും ശൂന്യമാണെന്നു സര്‍ക്കാര്‍ വക്താവ് സോ താ പറഞ്ഞു. പുതിയ അക്രമസംഭവങ്ങള്‍ക്കു തുടക്കമായ ഓഗസ്റ്റ് 25 മുതല്‍ ഇതുവരെയായി 3,80,000 റോഹിംഗ്യകള്‍ അഭയംതേടി ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് യു.എന്‍ സ്ഥിരീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."