അടുത്ത മാര്‍ച്ചോടെ കേരളം സമ്പൂര്‍ണമായി വൈദ്യുതീകരിക്കും: മന്ത്രി കടകംപള്ളി
കൊട്ടാരക്കര: അടുത്ത മാര്‍ച്ച് 15 ഓടെ കേരളം സമ്പൂര്‍ണമായി വൈദ്യുതീകരിച്ച സംസ്ഥാനമായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊട്ടാരക്കര വൈദ്യുതി ഭവനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കൊട്ടാരക്കര ബ്രാഞ്ചിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
വൈദ്യുതി ബോര്‍ഡ് നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സമയമാണ് ഇപ്പോള്‍. വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും ജീവനക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ മേഖലയേയും ആശ്രയിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയണം. ഇതിനായി ഓരോ ജീവനക്കാരും ശ്രദ്ധിക്കണം. ജനസേവനത്തിന്റെ കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഉത്തരവാദിത്വം കൂടുതലാണ്. ജനങ്ങളോട് പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഓരോ ജീവനക്കാരും ശ്രമിക്കണം. ഉപഭോക്താക്കളുടെ ചെറിയ പരാതിവരെ കാര്യക്ഷമമായി പരിഹരിച്ചാല്‍ വൈദ്യുതി ബോര്‍ഡ് ഏറ്റവും വലിയ സ്ഥാപനമായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അഡ്വ.പി അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് കെ.ഒ ഹബീബ് വിദ്യാഭ്യാസ അവാര്‍ഡ് ദാനവിതരണം നടത്തി. കേരളാ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍, ഷാജി പീറ്റര്‍ കല്ലട, എസ്. വിഷ്ണു ശര്‍മ്മ, ബി. ജയശ്രീ, ബി. അനില്‍കുമാര്‍, ബി. അനില്‍, വി. വീരേന്ദ്ര കുമാര്‍, കൗണ്‍സിലര്‍ സി. മുകേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."