അണ്ടര്‍ 17 ലോകകപ്പ് വിവാദം വിട്ടൊഴിയാതെ കൊച്ചി
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദവും നിയമ നടപടികളും തിരിച്ചടിയാകുന്നത് ഫുട്‌ബോളിന്. കൊച്ചിക്ക് മത്സര വേദി അനുവദിച്ചത് മുതല്‍ സ്റ്റേഡിയങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ അണ്ടര്‍ 17 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒഴിയാബാധയായി പിന്തുടരുകയാണ്. കേരളത്തിലെ മത്സര വേദിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളും നിയമ നടപടികളും ഫിഫയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. 21ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫിഫക്ക് കൈമാറണം. എന്നാല്‍, വിശാലമായ കായിക താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ചിലര്‍ നടത്തുന്ന വിലപേശല്‍ രാജ്യാന്തരതലത്തില്‍ തന്നെ കേരളത്തിന്റെ കായിക യശസിന് മങ്ങലേല്‍പ്പിക്കുന്നതാണ്. ഫിഫയുടെ അന്ത്യശാസനം വന്നിട്ടും നിയമനടപടികള്‍ നീളുന്നതും പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്തതും തിരിച്ചടിയാണ്. കൊച്ചിയിലെ മത്സരങ്ങള്‍ കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടു വരാനുള്ള പാലമായാണ് വിശേഷിപ്പിക്കുന്നത്. 25 കോടിയോളമാണ് സ്റ്റേഡിയം നവീകരണത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ നവീകരിക്കാന്‍ ഫിഫ സാങ്കേതിക സഹായവും നല്‍കി. എന്നാല്‍, ഒരിടത്തും സംഭവിക്കാത്ത പ്രതിസന്ധി കൊച്ചിയില്‍ ഉണ്ടായി. ലോകത്ത് ഒരിടത്തും ദേശീയ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയങ്ങളില്‍ ഒന്നും തന്നെ കടകളോ കച്ചവടമോ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കാറില്ല. എന്നാല്‍, കൊച്ചിയില്‍ മാത്രം താരങ്ങളുടെയും കണികളുടെയും സുരക്ഷയെ വെല്ലുവിളിച്ച് കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുകയാണ്.
കരാര്‍ ലംഘിച്ചാല്‍ കനത്ത നഷ്ടം: ജി.സി.ഡി.എ
2015 ജൂണില്‍ ഫിഫയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഈ മാസം 15 മുതല്‍ കൊച്ചിയിലെ കളി അവസാനിക്കുന്നത് വരെ കടകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഫിഫയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ വാക്കാല്‍ സ്റ്റേഡിയത്തിലെ പല സ്ഥാപന ഉടമകളെയും അറിയിച്ചിരുന്നു. ഓഗസ്റ്റ് 24ന് നോട്ടിസും നല്‍കി. സ്ഥാപനങ്ങള്‍ അടച്ചിടുന്ന സമയത്തെ വാടക ഒഴിവാക്കുമെന്നും അറിയിച്ചു. ഫിഫയുമായുള്ള കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ ജി.സി.ഡി.എ ബാധ്യസ്ഥരാണ്. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ വേദി മാറ്റാന്‍ ഫിഫക്ക് എളുപ്പമാണ്. മത്സരത്തിനായുള്ള നമ്മുടെ തയാറെടുപ്പുകളും നിര്‍മാണവുമെല്ലാം വെറുതെയാകും. കരാര്‍ ലംഘിച്ചാല്‍ ഫിഫ ചോദിക്കുന്ന നഷ്ടപരിഹാരം ജി.സി.ഡി.എ നല്‍കേണ്ടിവരുമെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.
ഹോട്ടലുകള്‍ മുതല്‍ ഐ.ടി സ്ഥാപനങ്ങള്‍ വരെ
കൊച്ചിയിലെ സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത് സി ഡിറ്റ്, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, കെ.എസ്.ഇ.ബി, ഐ.ടി പാര്‍ക്ക്, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വര്‍ക്‌ഷോപ്പുകള്‍, ഇലക്ട്രോണിക്‌സ് കടകള്‍, വാഹനങ്ങളുടെ സര്‍വിസ് സെന്ററുകള്‍, പത്രം ഉള്‍പ്പടെ നൂറിലേറെ സ്ഥാപനങ്ങള്‍. ഈ മാസം 15 മുതല്‍ ഒക്ടോബര്‍ 25 വരെ വരെ സ്ഥാപനങ്ങള്‍ ഒഴിയണം. ജി.സി.ഡി.എ രണ്ടാഴ്ച മുന്‍പ് നോട്ടിസ് നല്‍കി. ചില സ്ഥാപനങ്ങള്‍ക്കാകട്ടെ നോട്ടിസ് ലഭിച്ചിട്ടില്ല. എത്ര കാലത്തേക്കാണ് സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതെന്നതില്‍ വ്യക്തതയില്ലെന്നും പരാതിയുണ്ട്. സ്ഥാപനങ്ങള്‍ അടച്ചിടുന്ന സമയത്തെ വാടക സംബന്ധിച്ച വ്യക്തതയുമില്ല. ഒന്നോ രണ്ടോ മാസത്തേക്ക് സ്ഥാപനം ഒഴിയുമ്പോള്‍ കനത്ത നഷ്ടം സംഭവിക്കും. അടച്ചിടുന്ന കാലത്തെ വാടക നല്‍കാനാകില്ല. തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ നഷ്ടപരിഹാരം വേണം. കച്ചവടക്കാരുടെ നിലപാട് ഇതാണ്. പെട്ടെന്നുള്ള കൂടുമാറ്റം ഐ.ടി സ്ഥാപനങ്ങളെ ഉള്‍പ്പടെ എല്ലാവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. താത്കാലികമായി പുതിയ സ്ഥലം കണ്ടെത്തുക പ്രയാസകരം.
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ : ഫിഫ
കൊച്ചി: അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട കൊച്ചിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഫിഫ. സ്റ്റേഡിയത്തിലെ കടകളും ഓഫിസുകളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ല. വ്യാപാരികളും ജി.സി.ഡി.എയും തമ്മിലാണ് വിഷയം. ലോകകപ്പിന് സ്റ്റേഡിയം ഉപയോഗിക്കുന്നതിന് ജി.സി.ഡി.എയുമായി കരാറുണ്ട്. മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാമെന്ന് സര്‍ക്കാരും ജി.സി.ഡി.എയും ഉറപ്പ് നല്‍കിയിട്ടുളളതാണെന്നും ഫിഫ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."