'മീന്‍പെരുമ' പ്രദര്‍ശനം തുടങ്ങി കടലോളമുണ്ട് കടലെഴുത്ത്
നീലേശ്വരം: അറിവും ആഘോഷവും സമ്മേളിക്കുന്ന കേരള സാഹിത്യ അക്കാദമി കടലെഴുത്തുകള്‍ പഠന സമ്മേളനത്തിനു 'മീന്‍പെരുമ' പ്രദര്‍ശനത്തോടെ തുടക്കമായി. തീരദേശത്തിന്റെ ജീവിതവും നാട്ടുവഴക്കങ്ങളും കേരള സംസ്‌കാരത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് അക്കാദമിയെ ഇത്തരമൊരു സംരംഭത്തിലേക്കു നയിച്ചത്. സാഹിത്യത്തിനു കടലിന്റെ മണം ധാരാളമുണ്ടെങ്കിലും ഭാഷയില്‍ അവ ഇനിയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മീന്‍പിടുത്തക്കാര്‍, മീന്‍ വില്‍പ്പനക്കാര്‍, കപ്പലോട്ടക്കാര്‍, ഗവേഷകര്‍, സാഹിത്യകാരന്മാര്‍ , പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സമ്മേളനമാണ് ഇവിടെ നടക്കുന്നത്.
പ്രദര്‍ശനം അഴിത്തല കടപ്പുറത്ത് എ.പി വിജയന്‍ കണ്ണന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം ടി.പി വേണുഗോപാലന്‍ അധ്യക്ഷനായി. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രഭാഷണം നടത്തി. ശ്യാമ ശശി, പി.കെ രാജേന്ദ്രന്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍, സംഘാടക സമിതി ചെയര്‍മാനും നീലേശ്വരം നഗരസഭാ അധ്യക്ഷനുമായ പ്രൊഫ.കെ.പി ജയരാജന്‍, സെക്രട്ടറി അക്കാദമി അംഗം ഇ.പി രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.
നീലേശ്വരം നാദം ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ ഉമേശന്‍ നീലേശ്വരം, നിരഞ്ജിനി ജയരാജ് എന്നിവര്‍ പാട്ടുകടല്‍ ഗാനസദസ് ഒരുക്കി. ഡോ.അംബികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' എന്ന പ്രശസ്ത നോവലിനു പ്രദീപ് മണ്ടൂര്‍ ഒരുക്കിയ നാടകരൂപാന്തരം പട്ടേന ജനശക്തി അവതരിപ്പിച്ചു.
ഇന്നു രാവിലെ ഒന്‍പതിനു രജിസ്ട്രേഷന്‍. 9.45നു കടല്‍പ്പാട്ട്. 10 ന് എം.എ.ബേബി പഠനസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനാകും. 11. 30നു കടലും സംസ്‌കാരവും. എന്‍.പ്രഭാകരന്‍, ഇ.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി അംഗം പി.വി.കെ.പനയാല്‍ അധ്യക്ഷനാകും.
ഉച്ചയ്ക്കു രണ്ടിനു മീന്‍പിടുത്തക്കാര്‍, വില്‍പനക്കാര്‍, കപ്പല്‍യാത്രക്കാര്‍ എന്നിവര്‍ ജീവിതം പറയുന്ന നാട്ടുകടല്‍ സംവാദം. ഡോ.സി.ബാലന്‍ ആമുഖവും പി.വി.സുധീര്‍കുമാര്‍ ഏകോപനവും നിര്‍വഹിക്കും. 5.30നു വീട്ടമ്മമാരുടെ പാചകാനുഭവങ്ങള്‍- മീന്‍രുചി. ഏഴിനു കിഴവനും കടവും, റെഡ് ടര്‍ട്ടില്‍ എന്നീ സിനിമകളുടെ പ്രദര്‍ശനം. 8. 30 നു കാറല്‍സ്മാന്‍ ചരിതം ചവിട്ടുനാടകം.
നാളെ രാവിലെ 6. 30 നു തിരുവനന്തപുരം പുതിയതുറ സംഘത്തിന്റെ കടല്‍പ്പാട്ടുകള്‍. 9. 30 നു കടലും കവിതയും കവിതാലാപനം. 10. 30നു സാഹിത്യത്തിലെ കടല്‍പാരമ്പര്യം സെമിനാര്‍. രണ്ടിനു എന്റെ കടല്‍ സെമിനാര്‍. 0
വൈകിട്ടു നാലിനു മസാപന സമ്മേളനത്തില്‍ ഡോ.ഖദീജ മുംതാസ് അധ്യക്ഷയാകും. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സമാപന പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."