രണ്ടു ട്രെയിനുകള്‍ ഒരേ ട്രാക്കിലായതു പരിഭ്രാന്തി പടര്‍ത്തി
കോട്ടിക്കുളം: സിഗ്നല്‍ സംവിധാനത്തിലെ അപാകത മൂലം രണ്ടു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ ഒരേസമയം വന്നതും തൊട്ടടുത്തായി നിര്‍ത്തിയതും പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 7.30നു കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചെന്നൈ എക്‌സ്പ്രസും പുതുച്ചേരി എക്‌സ്പ്രസുമാണ് ഒരേസമയം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ എത്തിയത്.
രണ്ടു ട്രെയിനുകളും മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ കാരണം ആദ്യം കോട്ടിക്കുളം സ്റ്റേഷനിലെത്തിയ ചെന്നൈ എക്‌സ്പ്രസ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
സിഗ്നല്‍ സംവിധാനത്തിലെ പിഴവു കാരണം ചെന്നൈ എക്‌സ്പ്രസ് പുറപ്പെടാനാകാതെ ട്രാക്കില്‍ തന്നെ കുടുങ്ങിയ സമയത്താണു പിറകെ പുതുച്ചേരി എക്‌സ്പ്രസ് എത്തിയത്. ചെന്നൈ എക്‌സ്പ്രസ് നിര്‍ത്തിയിട്ട ട്രാക്കിലേക്കു തന്നെ പുതുച്ചേരി എക്‌സ്പ്രസ് വന്നതു യാത്രക്കാരെയും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നുവരെയും പരിഭ്രാന്തിയിലാക്കി. ചെന്നൈ എക്‌സപ്രസ് നിര്‍ത്തിയിട്ടതിനു തൊട്ടു പിറകിലായി പുതുച്ചേരി എക്‌സ്പ്രസ് നിര്‍ത്തിയിടുകയായിരുന്നു.
അതേസമയം, നേരത്തെയുണ്ടായ സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും കുറച്ചു സമയത്തിനു ശേഷം പിഴവു പരിഹരിച്ചാണു പുതുച്ചേരി എക്‌സ്പ്രസിനെ ഓരേ ട്രാക്കിലേക്കു കടത്തിവിട്ടതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകട സാധ്യത ഒഴിവാക്കിയിരുന്നുവെന്നും നിശ്ചിത സ്ഥലത്തു തന്നെയാണു ട്രെയിനുകള്‍ നിര്‍ത്തിയിട്ടതെന്നും രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായതാണു പരിഭ്രാന്തിക്കു കാരണമായതെന്നും അധികൃതര്‍ പറഞ്ഞു.
സിഗ്നല്‍ സംവിധാനത്തിലെ പിഴവ് പൂര്‍ണമായും പരിഹരിച്ച ശേഷം ആദ്യം ചെന്നൈ എക്‌സ്പ്രസും പിന്നീട് പുതുച്ചേരി എക്‌സ്പ്രസും കോട്ടിക്കുളം സ്റ്റേഷന്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."