HOME
DETAILS

അടിപ്പേടിയില്‍ പഠനം നിര്‍ത്തിയ മകനോട്

  
backup
September 17 2017 | 02:09 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

അടി പേടിച്ചു പഠനം നിര്‍ത്തിയ മകനെ പണ്ഡിതനായ ഒരു പിതാവ് ഉപദേശിച്ചതു കാണുക:
മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണു നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നതു വിഡ്ഢിത്തമാണ്. കാരണം, പഠനം നിര്‍ത്തിയാല്‍ അതുമുതല്‍ ജീവിതാന്ത്യം വരെ നിനക്കു ശിക്ഷയനുഭവിക്കേണ്ടി വരും. അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ. വിദ്യാലയത്തില്‍നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാവുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും...? അധ്യാപകന്‍ നിന്നെ ചീത്ത പറഞ്ഞതു നിനക്കു താങ്ങാനാകുന്നില്ലെങ്കില്‍ സമൂഹം നിന്നെ ചീത്ത പറയുന്നതും പരിഹസിക്കുന്നതും നിനക്കെങ്ങനെ താങ്ങാനാകും...? പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ നിന്നെ ക്ലാസില്‍നിന്നു പുറത്താക്കിയതു നിനക്ക് അസഹ്യമായെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാനമേഖലകളില്‍നിന്നെല്ലാം പുറത്താക്കുമ്പോള്‍ അതു നിനക്കെങ്ങനെ സഹ്യമാകും..?
മോനേ, അല്‍പകാലം ത്യാഗം ചെയ്യേണ്ടി വരും. ചീത്തയും പരിഹാസവും അടിയും പിടിയും സഹിക്കേണ്ടി വരും. ഈ ചെറുത്യാഗങ്ങള്‍ ഈ ചെറുപ്പത്തില്‍ സഹിച്ചു പഠിച്ചാല്‍പിന്നെ ചീത്ത കേള്‍ക്കേണ്ടി വരില്ല. ത്യാഗം ചെയ്യേണ്ടി വരില്ല. ജീവിതം സുഖപ്രദമായിരിക്കും. ചെറിയ ത്യാഗം ഭയന്നു വലിയ ത്യാഗം നീ ഏറ്റെടുക്കരുത്. അറിവു സമ്പാദിക്കാന്‍ അധ്വാനമുണ്ടാകും. പക്ഷേ, അറിവില്ലായ്മ കൊണ്ടുനടക്കാനാണ് അതിലേറെ അധ്വാനം വേണ്ടി വരിക.
മോനേ, ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിപ്പെട്ടാല്‍ ഏതു നട്ടുച്ചയാണെങ്കിലും വഴിതെറ്റിപ്പോകാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഏതു കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ വീട്ടിലേക്ക് ആരോടും വഴിചോദിക്കാതെ നീ പോകും, ഇല്ലേ.. എന്താണു കാരണം..? രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്. അറിവില്ലായ്മയാണ് യഥാര്‍ഥ ഇരുട്ട്. അറിവില്ലെങ്കില്‍ പകല്‍പോലും രാത്രിയാണ്. അറിവുണ്ടെങ്കില്‍ രാത്രിപോലും പകലാണ്. അറിവുള്ളവന് ഏതു വിദേശവും സ്വദേശം. അറിവില്ലാത്തവനു സ്വന്തം ദേശം പോലും അപരിചിത ദേശം.
മോനേ, നീ മൃഗമല്ല, മനുഷ്യനാണെന്നോര്‍ക്കണം. സര്‍വജീവജാലങ്ങളില്‍ വച്ചേറ്റം ഉല്‍കൃഷ്ടമായ ജീവി. മനുഷ്യജീവിയായ നിന്നെ മറ്റിതര ജീവികളില്‍നിന്നു വേര്‍തിരിക്കുന്ന ഘടകം തടിയോ മുടിയോ ശക്തിയോ വലിപ്പമോ അല്ല.


തടികൊണ്ടാണു നീ ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ ആനയാണ്. ശക്തി കൊണ്ടാണ് ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ കാട്ടുപോത്താണ്. നീളം കൊണ്ടാണെങ്കില്‍ ജിറാഫ് നിന്നെക്കാള്‍ എത്ര ഉയരുമുള്ള ജീവിയാണ്. പക്ഷേ, അതൊന്നുമല്ല നിന്നെ വേര്‍തിരിക്കുന്ന ഘടകം. അത് അറിവുമാത്രമാണ്.
അറിവാണു ശക്തി. ആ ശക്തിയുണ്ടെങ്കില്‍ പക്ഷികളെയും വെല്ലുന്നവിധം ആകാശത്തുകൂടെ നിനക്കു പാറിപ്പറക്കാം. ആ ശക്തിയുണ്ടെങ്കില്‍ മത്സ്യങ്ങളെയും വെല്ലുംവിധം ആഴിയുടെ ആഴക്കയങ്ങളിലൂടെ നിനക്ക് ഊളിയിട്ടു സഞ്ചരിക്കാം. ആ ശക്തിയുണ്ടെങ്കില്‍ ചീറ്റപ്പുലികളെപോലും തോല്‍പിക്കുന്ന വിധം നിനക്കോടാം.
മോനേ, പഠനം നിര്‍ത്തിവച്ചു പണം വാരിക്കൂട്ടാന്‍ പോവുകയാണല്ലോ നീ. ഞാനൊരു കാര്യം പറഞ്ഞോട്ടെ. നീ ഭൂലോക ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ പ്രവാചകനെ കേട്ടിരിക്കുമല്ലോ. മൂന്നു വരങ്ങളാണു മഹാനുഭാവനു മുന്നില്‍ വയ്ക്കപ്പെട്ടത്. പണം, അധികാരം, അറിവ് എന്നീ മൂന്നു വരങ്ങള്‍. ഈ മൂന്നിലേതും വേണേല്‍ തിരഞ്ഞെടുക്കാം. സുലൈമാന്‍ നബി അറിവുമാത്രം തിരഞ്ഞെടുത്തു. അപ്പോള്‍ പണവും അധികാരവും കൂടെ വന്നു. അങ്ങനെയാണു ലോകത്തെ ഏറ്റവും വലിയ ചക്രവര്‍ത്തിയും ഏറ്റവും വലിയ പണക്കാരനും ഏറ്റവും വലിയ ജ്ഞാനിയുമായി അദ്ദേഹം മാറിയത്.
അറിവു വേണ്ടാ, പണം മതിയെന്നാണെങ്കില്‍ പണം കിട്ടും. അറിവും പണവും വേണ്ടാ, അധികാരം മതിയെന്നാണെങ്കില്‍ അധികാരവും ലഭിക്കും. പക്ഷേ, പണവും അധികാരവും വേണ്ടാ, അറിവു മതിയെന്നുവച്ചാല്‍ അറിവുമാത്രമല്ല, കൂടെ അധികാരവും പണവും ലഭിക്കും. അധികാരികള്‍ ജനങ്ങളെ ഭരിക്കുമ്പോള്‍ അറിവുള്ളവര്‍ അധികാരികളെ ഭരിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു രാജാക്കന്മാരെ സമീപിക്കുമ്പോള്‍ രാജാക്കന്മാര്‍ തങ്ങളുടെ ആവശ്യത്തിന് അറിവുള്ളവരെയാണു സമീപിക്കുക.
മോനേ, അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും ധനികനാണ്. അറിവില്ലെങ്കില്‍ നീ ധനികനാണെങ്കിലും ദരിദ്രനാണ്. അറിവുണ്ടെങ്കില്‍ നീ പ്രജയാണെങ്കിലും രാജാവാണ്. അറിവില്ലെങ്കില്‍ നീ രാജാവാണെങ്കിലും പ്രജയാണ്. അറിവുണ്ടെങ്കില്‍ എല്ലാ അപരിചിതരും നിനക്കു പരിചിതരാണ്. അറിവില്ലെങ്കില്‍ പരിചിതര്‍ പോലും നിനക്ക് അപരിചിതരാണ്. അറിവുണ്ടെങ്കില്‍ നീ വനാന്തരങ്ങളില്‍ പോയി ഏകാന്തമായിരുന്നാല്‍പോലും ജനം നിന്നെ തേടിയെത്തും. അറിവില്ലെങ്കില്‍ നീ ജനമധ്യത്തില്‍ നിലയുറപ്പിച്ചാലും നിന്നെ ആരും ശ്രദ്ധിക്കില്ല.


അറിവുണ്ടെങ്കില്‍ നിന്റെ വീട് കൊച്ചുകൂരയാണെങ്കിലും കൊട്ടാരത്തിന്റെ വിലയാണതിന്. അറിവില്ലെങ്കില്‍ നിന്റെ വീട് കൊട്ടാരമാണെങ്കിലും ജനമതിനു വലിയ വില കല്‍പിക്കില്ല. അറിവുണ്ടെങ്കില്‍ നിനക്കൊന്നുമില്ലെങ്കിലും എല്ലാമുണ്ട്. അറിവില്ലെങ്കില്‍ നിനക്കെല്ലാമുണ്ടെങ്കിലും ഒന്നും ഇല്ലാത്ത ഫലമാണ്. അറിവുണ്ടെങ്കില്‍ നീ എത്ര ചെറിയവനാണെങ്കിലും വലിയവനാണ്. അറിവില്ലെങ്കില്‍ നീ എത്ര വലിയവനാണെങ്കിലും ചെറിയവനാണ്. ഭീമാകാരിയായ ആനയെ കൊച്ചുമനുഷ്യന്‍ നയിക്കുന്നതു നീ കാണാറില്ലേ.. എന്താണതിനു കാരണം..? അറിവും അറിവില്ലായ്മയും തന്നെ. അറിവിനുമുന്നില്‍ അറിവില്ലായ്മ കീഴടങ്ങുന്ന കാഴ്ചയാണത്.
മോനേ, പ്രയാസം പറഞ്ഞ് ഇനി പഠനം നിര്‍ത്തരുത്. വെളിച്ചം ഓശാരമായി ലഭിക്കുമ്പോള്‍ അതു വേണ്ടെന്നു വയ്ക്കുന്നതു നന്ദികേടാണ്. ഏതു മേഖലയിലാണു പ്രയാസങ്ങളില്ലാത്തത്...? സൗജന്യമായി എന്തെങ്കിലും ലഭിക്കണമെങ്കില്‍ പോലും വേണ്ടേ അതിന്റേതായ പ്രയാസങ്ങള്‍. മോനേ, വിജ്ഞാനം തേനാണ്. തേനെടുക്കുമ്പോള്‍ തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരികയെന്നതു സ്വാഭാവികം. കുത്തേറ്റു കിട്ടിയ തേനിന് ഇരട്ടി മധുരമുണ്ടാകും. കുത്ത് ഭയന്നു രംഗംവിട്ടാല്‍ തേന്‍ നുണയാന്‍ കഴിയില്ല... എനിക്കു പറയാനേ കഴിയൂ. ചെയ്യേണ്ടതു നീയാണ്. ഇനി എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിച്ചോളൂ..


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago