നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്: ഐ.ജി ശ്രീജിത്ത് അന്വേഷിക്കും
തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
തമിഴ് നാട് സ്വദേശികളുടെ പരാതിയെത്തുടര്‍ന്ന് നിലവില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഏതാണ്ട് ആയിരം കോടിയുടെ ചിട്ടി തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലിസ് പിടികൂടിയിരുന്നു.
ചിട്ടിയുടമ ജഗതി സ്വദേശി നിര്‍മലന്റെ ബിനാമികളും സ്ഥാപനത്തിലെ ജീവനക്കാരുമായ കുഴിത്തുറ സ്വദേശി അനില്‍കുമാര്‍, പളുകല്‍ മത്തമ്പാല സ്വദേശി അനില്‍കുമാര്‍, തക്കല പദ്മനാഭപുരം സ്വദേശി അജിത്കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
നിര്‍മലന്റെ വസ്തുവകകള്‍ ബിനാമി ഇടപാടുകളിലൂടെ കൈമാറ്റം നടത്തിയതിന് ബന്ധുക്കളും സ്ഥാപനത്തിലെ ജീവനക്കാരുമായ 21 പേര്‍ക്കെതിരേ തമിഴനാട് പൊലിസ് കേസെടുത്തിട്ടുണ്ട്.
എട്ടുമാസം മുന്‍പ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതു മുതല്‍ ബിനാമി ഇടപാടുകളിലൂടെ നിര്‍മലന്‍ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരുന്നു. ഇയാളുടെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും പല ബാങ്കുകളിലായി ഉണ്ടായിരുന്ന നിരവധി അക്കൗണ്ടുകള്‍ തമിഴ്‌നാട് ക്യൂബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്.
നിര്‍മലന്റെ വസ്തുക്കള്‍ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ നിക്ഷേപകരുടെ ആക്ഷന്‍ കൗണ്‍സില്‍ തമിഴ്‌നാട്, കേരള പൊലിസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വസ്തുവകകള്‍ ഇപ്പോള്‍ ആരുടെ പേരിലാണെന്നും അവ ആരുടെ പേരിലേക്കാണ് കൈമാറ്റം ചെയ്തതെന്നുമുള്ള പരിശോധനകള്‍ നടക്കുകയാണ്.
നിര്‍മലന്റെ പ്രധാന ബിനാമികളില്‍ ഒരാളായ ശേഖരനും ഇയാളുടെ സഹോദരനും കാരക്കോണത്തെ ആധാരമെഴുത്തുകാരനുമായ ശശി വഴിയാണ് പല ബിനാമി ഇടപാടുകളും നടന്നതത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."