അസ്വാരസ്യങ്ങള്‍ ചുരുട്ടിക്കെട്ടും: കോണ്‍ഗ്രസ്-ലീഗ് ഭായി ഭായി
മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ യു.ഡി.എഫിനു തലവേദനയായിരുന്ന പ്രാദേശിക കോണ്‍ഗ്രസ്-ലീഗ് തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ക്കു പരിഹാരമായത്.
മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും അസ്വാരസ്യങ്ങള്‍ തീര്‍ന്നതായാണ് നേതാക്കള്‍ പറയുന്നത്. കണ്ണമംഗലത്ത് യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്നെടുത്ത ധാരണ പ്രകാരം മുസ്‌ലിംലീഗ് അംഗം പൂക്കുത്ത് മുജീബ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. സ്ഥാനം കോണ്‍ഗ്രസിനു നല്‍കുന്നതിനു വേണ്ടിയായിരുന്നു രാജി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇവിടെ ലീഗും കോണ്‍ഗ്രസും അകന്നത്.
പ്രാദേശിക നേതാക്കളുടെ സാനിധ്യത്തില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമമുണ്ടായിരുന്നെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നു മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കണ്ണമംഗലത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. വേങ്ങര, പറപ്പൂര്‍ പഞ്ചായത്തിലെ പ്രശ്‌നങ്ങളും പരിഹരിച്ചതായാണ് ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
പറപ്പൂര്‍, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ്-ലീഗ് ഭിന്നത നിലനിന്നിരുന്നത്. പറപ്പൂരില്‍ മുസ്‌ലിംലീഗിനെ മാറ്റിനിര്‍ത്തി എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സി.പി.എം പാര്‍ട്ടികളെ ഒപ്പം ചേര്‍ത്തു വിമത കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്.
വേങ്ങരയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി മുസ്‌ലിംലീഗ് ഒറ്റയ്ക്കാണ് ഭരണം. പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ വേങ്ങരയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുഴുവന്‍ നേതാക്കളെയും പങ്കെടുപ്പിച്ചു കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.
20നു നടക്കുന്ന യു.ഡി.എഫ് കണ്‍വന്‍ഷനോടെ ഐക്യം പൂര്‍ണമായും പുനഃസ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനു ശേഷം മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."