കളിയാരവമില്ലാതെ റയാന്‍ സ്‌കൂള്‍; പ്രദ്യുമന്റെ ക്ലാസില്‍ വന്നത് നാലു കുട്ടികള്‍
ഗുഡ്ഗാവ്: ഒരാഴ്ചയ്ക്കു ശേഷം വീണ്ടും സ്‌കൂളിന്റെ പടി കടക്കുമ്പോള്‍ ആ കുരുന്നുകള്‍ക്ക് ഒട്ടും സന്തോഷമില്ലായിരുന്നു. കണ്ണുകളില്‍ നിറയെപേടിയും സങ്കടവും. അമ്മമാരുടെ കൈകള്‍ മുറുകെ പിടിച്ചിരുന്നു അവര്‍.
ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളിന്റെ ഇന്നത്തെ ചിത്രമാണിത്. ഏഴു വയസ്സുകാരന്റെ ദാരുണമായ മരണത്തിനു ശേഷം ഇന്നാദ്യമായാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ശുചിമുറിക്കു പുറത്തേക്ക് ഇഴഞ്ഞു വരുന്ന പ്രദ്യുമന്റെ ചോരയില്‍ കുളിച്ച ചിത്രം മറക്കാനാവുന്നില്ല ഈ കുരുന്നുകള്‍ക്ക്. വെറും നാലു കുട്ടികള്‍ മാത്രമാണ് പ്രദ്യുമന്റെ ക്ലാസില്‍ ഇന്ന് ഹാജരായത്.
പൂര്‍ണ സുരക്ഷ സ്‌കൂള്‍ അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും അതൊന്നും മനസ്സിലാക്കാനാവുന്നില്ല ഈ കുരുന്നുകള്‍ക്ക്. പ്രദ്യുമന്‍ ഇരുന്ന ക്ലാസ് മുറിയും അവന്റെ ജീവന്‍ പൊലിഞ്ഞ ശുചിമുറിയും അവരുടെയുള്ളില്‍ ഭീതി നിറയ്ക്കുകയാണ്.
സപ്തംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. സ്‌കൂളിലെ ബസ് ജീവനക്കാരന്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ലൈംഗിക പീഡനശ്രമത്തിനിടെ കൊല്ലുകയായിരുന്നെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."