മുഖം മിനുക്കാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതി പാളി: തെലങ്കാനയില്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്ത സാരി സ്ത്രീകള്‍ അഗ്നിക്കിരയാക്കി
ഹൈദരാബാദ്: പാവങ്ങളുടെ അനുകമ്പ നേടിയെടുക്കാനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ സാരി നല്‍കല്‍ ഒടുവില്‍ അദ്ദേഹത്തിനുതന്നെ വിനയായി. ദസറയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയായ ബതുകമ്മ സാരി പദ്ധതിയില്‍ സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ള 1.5 ലക്ഷം സ്ത്രീകള്‍ക്ക് സാരി നല്‍കി മികവ് കാണിച്ചതാണ് മുഖ്യമന്ത്രിക്കുതന്നെ വിനയായത്.
സാരി നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയില്‍ ഗുണമേന്മ കുറഞ്ഞ ഇവ പലയിടത്തും റോഡരികില്‍ കൂട്ടിയിട്ട് തീയിട്ടും ചിലയിടത്ത് റോഡരികിലെ മാലിന്യപ്പെട്ടിയില്‍ തള്ളിയുമാണ് മുഖ്യമന്ത്രിയുടെ ജനകീയ മുഖത്തെ സ്ത്രീകള്‍ എതിരേറ്റത്.
സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിലാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യമായി സാരി നല്‍കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഗുണമേന്‍മയുള്ള സാരി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും തുച്ഛമായ വിലക്ക് ലഭിക്കുന്ന സാരിയാണ് മിക്കവര്‍ക്കും ലഭിച്ചത്.
ദരിദ്രരായ നെയ്ത്തുകാരെ സഹായിക്കുന്നതിനൊപ്പം പാവപ്പെട്ട സ്ത്രീകള്‍ക്ക് വസ്ത്രം നല്‍കുകയെന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
222 കോടി രൂപയാണ് 1.5 ലക്ഷം പേര്‍ക്കുള്ള സാരിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. കൂലിത്തൊഴിലാളികളും മറ്റുമായ സ്ത്രീകളാണ് സാരിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍ 400 രൂപയുടെ കൂലി ഉപേക്ഷിച്ചാണ് സാരി വിതരണ കേന്ദ്രത്തില്‍ പലരും എത്തിയത്. ലഭിച്ചതാകട്ടെ ഗുണമേന്‍മ കുറഞ്ഞതും. ഇതാണ് പലരേയും രോഷം കൊള്ളിച്ചത്.
ഇന്നലെയാണ് സാരി വിതരണം ആരംഭിച്ചത്. സാരി ലഭിച്ചവരെല്ലാം ഗുണം കുറവാണെന്ന് കണ്ടതോടെ വിതരണ കേന്ദ്രത്തിനടുത്തുവച്ചുതന്നെ ഇവ അഗ്നിക്കിരയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."