കടലില്‍ ഇനി അശാസ്ത്രീയ നിര്‍മാണ പ്രവര്ത്തനങ്ങളുണ്ടാകില്ല: മന്ത്രി
തിരുവനന്തപുരം: തീരദേശ സംരക്ഷണത്തിന്റെ പേരില്‍ ഇനി കടലില്‍ കല്ലിടല്‍ ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
ഇക്കാര്യത്തില്‍ ഒരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങളെപ്പറ്റി കൂട്ടായ ചര്‍ച്ചകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്പറേഷന് നടത്തിയ ദ്വിദിന ദേശീയ ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
590 കിലോമീറ്ററുള്ള കേരളത്തിലെ തീരദേശത്തിന്റെ 63 ശതമാനം വരുന്ന ദുര്‍ബലപ്രദേശം സംരക്ഷിക്കുന്നതിന് ഒറ്റ മാതൃക സ്വീകരിക്കാനാവില്ല. പരിസ്ഥിതിവകുപ്പ് തയാറാക്കിയ നയം ഒരു തുടക്കം മാത്രമാണ്. തീരദേശവുമായി ബന്ധപ്പെടുന്ന എല്ലാ കക്ഷികളുടെയും സാങ്കേതികവിദഗ്ധരുടെയും പ്രാതിനിധ്യം ഉറപ്പാക്കി ടെക്നിക്കല്‍ കമ്മിറ്റി ഉണ്ടാക്കുകയാണ് ഇനി വേണ്ടതെന്നു മന്ത്രി പറഞ്ഞു. ഹാര്‍ബറും ലാന്‍ഡിങ് സെന്ററും ആവശ്യമാണ്. എന്നാല്‍ അവയുടെ നിര്‍മാണം ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ശാസ്ത്രീയമായി പഠിച്ചു മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
പദ്ധതി നടപ്പാകുന്നതോടെ തീരദേശനിയന്ത്രണ മേഖല വിജ്ഞാപനപ്രകാരം ആനുകൂല്യമുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ പഞ്ചായത്ത്തല മാര്‍ഗരേഖ തയാറാക്കി തീരസംരക്ഷണത്തിനു സമഗ്രമായ രൂപരേഖ നിലവില്‍ വരുമെന്നും അവര്‍ അറിയിച്ചു. തീരപ്രദേശത്തുള്ള കല്ലിടല്‍ നിരോധനം ജലവിഭവമന്ത്രി മാത്യൂ ടി.തോമസ് സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."