പഞ്ചായത്ത് റോഡ് കൈയേറി മാലിന്യം തള്ളിയതായി പരാതി
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്തിലെ ചാണ്ടിക്കരി ചുഴിപ്പാല്‍ സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ് കൈയേറി മാലിന്യം തള്ളിയതായി പരാതി. പഞ്ചായത്ത് അധികാരികള്‍ കൈയേറ്റക്കാരനെതിരെ നോട്ടിസ് നല്‍കി. ഇരുപതടി വീതിയിലുളള റോഡ് പകുതിയോളം കൈയേറിയതായാണ് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടത്.
കൈയേറ്റക്കാരന്റെ ഉടമസ്ഥതയിലുളള സ്ഥലത്തോട് ചേര്‍ന്നാണ് തൈലപ്പുല്ലിന്റെ വേരും കാട്ടുചെടികളുടെ അവശിഷ്ടങ്ങളും മണ്ണും അടങ്ങുന്ന മാലിന്യം തളളിയിരിക്കുന്നത്.
മഴക്കാലത്ത് കാട്ടുചെടികളും തൈലപ്പുല്‍ ചെടിയും തഴച്ചുവളര്‍ന്നാല്‍ ആ സ്ഥലം കൂടി തങ്ങളുടേതാക്കി മാറ്റാനുള്ള നീക്കമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരാതിയില്‍ അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുകയും കൈയേറ്റം ബോധ്യപ്പെടുകയും ചെയ്തു. പരാതി പറഞ്ഞ നാട്ടുകാരോട് ഇവിടെ പഞ്ചായത്ത് റോഡിന് സ്ഥലമില്ലെന്നും തന്റെ സ്ഥലത്തു തന്നെയാണ് കാട്ടുചെടികളുടെ അവശിഷ്ടങ്ങള്‍ ഇറക്കിയതെന്നുമുളള മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
കൈയേറ്റം ബോധ്യപ്പെട്ടിട്ടും നടപടി വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."