മോദി സര്‍ക്കാരിനെതിരേ ബി.എം.എസ് പ്രക്ഷോഭം
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ് ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. സമരപരിപാടികളുടെ ഭാഗമായി നവംബറില്‍ ബി.എം.എസ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടത്തുന്ന സമരസംഗമത്തിനു ശേഷമായിരിക്കും പാര്‍ലമെന്റ് മാര്‍ച്ച്. തൊഴിലാളി നയം നടപ്പാക്കുക, കരാര്‍തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരിക്കും പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക. പ്രതിഷേധപരിപാടികളില്‍ സംഘ്പരിവാര്‍ സംഘടനകളായ ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, ലഘുഉദ്യോഗ് ഭാരതി, ഗൃഹക് പഞ്ചായത്ത്, ശേഖര്‍ ഭാരതി തുടങ്ങിയവയും പങ്കെടുക്കും. ഡല്‍ഹിയിലെ പ്രതിഷേധപരിപാടികളില്‍ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി.എം.എസ് വക്താവ് പറഞ്ഞു. രാജ്യത്തെ 44 സെക്ടറുകളിലായി ബി.എം.എസിന് 83 ലക്ഷം അംഗങ്ങളുണ്ട്.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അഞ്ചംഗമന്ത്രിതല ഉപസമിതി തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോവുന്നതെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ പറഞ്ഞു. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.എം.എസ് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കിയിരുന്നുവെങ്കിലും മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിച്ചതോടെ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നും ബി.എം.എസ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."