മെക്‌സിക്കോയില്‍ ഭൂചലനം; മരണസംഖ്യ 225
മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും പരിസര ടൗണുകളിലുമുണ്ടായ വന്‍ ഭൂചലനത്തില്‍ കനത്ത നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 225 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. റോഡുകളും മറ്റു സംവിധാനങ്ങളും തകരാറിലായി. രക്ഷാപ്രവര്‍ത്തനം ഇന്നലെയും തുടരുകയാണ്.കൊല്ലപ്പെട്ടവരില്‍ 21 കുട്ടികളും ഉള്‍പ്പെടും. അധ്യയനം നടക്കുന്നതിനിടെ സ്‌കൂള്‍ തകര്‍ന്നുവീണാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കടിയിലും മറ്റും കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച മെക്‌സിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15നാണ് ഭൂചലനമുണ്ടായത്. സ്‌കൂളുകളും സ്ഥാപനങ്ങളും അടക്കമുള്ളവയുടെ പ്രവര്‍ത്തിസമയമായതിനാല്‍ ഒട്ടേറെ പേര്‍ ദുരന്തത്തില്‍ അകപ്പെട്ടു.മെക്‌സിക്കന്‍ സിറ്റി, മോറെലോസ്, പ്യുഎബ്ല തുടങ്ങിയ നഗരങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. മെക്‌സിക്കന്‍ സിറ്റിയില്‍നിന്ന് 122 കലോമീറ്റര്‍ മാറി പ്യൂഎബ്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തെ തുടര്‍ന്നു വാര്‍ത്താവിനിമയ സൗകര്യങ്ങളും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.
മെക്‌സിക്കോയിലെ അന്താരാഷ്ട്ര വിമാനത്താവളം ദുരന്തത്തെ തുടര്‍ന്ന് അടച്ചെങ്കിലും പിന്നീട് തുറന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് എന്റിക് പെന നീറ്റോ അറിയിച്ചു. സംഭവത്തില്‍ അദ്ദേഹം അഗാധ ദുഃഖം രേഖപ്പെടുത്തി.
1985ല്‍ രാജ്യത്തു നടന്ന വന്‍ ഭൂചലനത്തിന്റെ വാര്‍ഷിക ദിവസമായിരുന്നു മെക്‌സിക്കോയെ നടുക്കിയ ഭൂചലനം. അന്നത്തെ ദുരന്തത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടിരുന്നത്. ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 98 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."