സംഗീത വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയെന്ന് പരാതി
കരുനാഗപ്പള്ളി: സംഗീത വിദ്യാര്‍ഥിനിയെ വാഗണര്‍ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയി ആഭരണം കവര്‍ന്നതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചു കടന്ന് കളഞ്ഞെന്നു പരാതി.
കരുനാഗപ്പള്ളി ചുരുളിലക്ഷം വീട് കോളനിയിലെ പതിനേഴ്കാരിയെയാണ് സംഘം തട്ടികൊണ്ടു പോയി സ്വര്‍ണം കവര്‍ന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് മുന്നരയ്ക്ക് അരമത്ത് മഠം ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. സംഗീത ക്ലാസ്സ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മാരുതി വാഗണര്‍ കാറിലെത്തിയ അഞ്ച് അംഗ സംഘം തട്ടി കൊണ്ടു പോവുകയായിരുന്നു. ഒരു സ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മാലയും, പാദസരവും കൈക്കലാക്കിയ സംഘം തിരുവനന്തപുരം ഉള്ളൂര്‍ ജങ്ഷനില്‍ യുവതിയ ഏകദേശം പുലര്‍ച്ചെ ഏഴ് മണിയോടെ കൊണ്ടുപോയി വഴിയില്‍ തള്ളി.
അവിടെയുള്ള ബന്ധുക്കളെ പെണ്‍കുട്ടി ഫോണില്‍ കൂടിവിവരം അറിയിച്ചതോടെ ബന്ധുക്കള്‍ എത്തി പെണ്‍കുട്ടിയെ കരുനാഗപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ദേഹോപദ്രവം ഏല്‍പ്പിച്ചതായോ, മാനഭംഗപ്പെടുത്തിയതായോ പരാതിയില്‍ പറയുന്നില്ലങ്കിലും, പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.
അഭരണകള്‍ എത്ര പവനുണ്ടെന്ന് ക്യത്യമായ വിവരം ലഭിച്ചില്ല. രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. മറ്റ് തെളിവുകളും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം അരമത്ത് മഠം ജങ്ഷനില്‍ ഈ പറയുന്ന സമയം നടന്നതായി നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ ഏറേ ദുരൂഹത നിഴലിക്കുന്നതായും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."