അണക്കെട്ടുകളിലെ മണല്‍ഖനനം: കെ.എസ്.ഇ.ബിക്ക് ഇരട്ടനേട്ടമാകും
തൊടുപുഴ: അണക്കെട്ടുകളില്‍നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ ഖനനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഇരട്ടനേട്ടമാകും. കെ.എസ്.ഇ.ബിക്ക് അധിക വരുമാനം നേടിക്കൊടുക്കുന്നതിന് പുറമെ വൈദ്യുതി മേഖലയ്ക്ക് ഇത് വന്‍ഗുണം ചെയ്യും.
മണലും ചെളിയും നീക്കം ചെയ്യുന്നതോടെ അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിക്കുന്നതാണ് ഊര്‍ജമേഖലയ്ക്ക് നേട്ടമാകുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ മണല്‍ ഖനനം ഫലപ്രദമാകില്ലെന്നാണ് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ റെയില്‍ ഇന്ത്യാ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വിസ് (ആര്‍.ഐ.ടി.ഇ.എസ്) 10 വര്‍ഷം മുന്‍പ് ഇതു സംബന്ധിച്ച് പഠനം നടത്തിയിരുന്നു. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം.
ഇടുക്കി ജലസംഭരണിയെ 12 സോണുകളായി തിരിച്ചാണ് പഠനം നടത്തിയത്. എന്നാല്‍, അയ്യപ്പന്‍കോവില്‍ സോണില്‍ മാത്രമാണ് മണല്‍ശേഖരം കണ്ടെത്തിയത്. ബാക്കി 11 സോണുകളിലും ചെളിയാണ് കണ്ടെത്തിയത്. ഇടുക്കി അണക്കെട്ടില്‍ 1.2 ശതമാനം ചെളി അടിഞ്ഞിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, 300 വര്‍ഷം കൊണ്ട് മാത്രമേ ചെളി ഡെഡ് സ്‌റ്റോറേജ് (വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളത്തിന്റെ കുറഞ്ഞ അളവ് ) ലെവലില്‍ എത്തുകയുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2280 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഡെഡ് സ്റ്റോറേജ് ലെവല്‍. എന്നാല്‍, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മാട്ടുപ്പെട്ടി, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍ തുടങ്ങിയ ചെറുകിട അണക്കെട്ടുകളെ സംബന്ധിച്ചിടത്തോളം മണല്‍ ഖനനം ബോര്‍ഡിന് വന്‍ നേട്ടമാകും.
കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ ഖനനം നടത്താന്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനമെടുത്തിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ തീരുമാനം വിവിധ കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു. കോടികളുടെ മണല്‍ശേഖരമാണ് നിലവില്‍ അണക്കെട്ടുകളില്‍ ഉള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ വര്‍ഷം ലോവര്‍ പെരിയാര്‍ അണക്കെട്ട് വറ്റിച്ചപ്പോള്‍ വന്‍ മണല്‍ശേഖരമാണ് കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ റിസര്‍വോയറുകളില്‍നിന്ന് മണല്‍ ഖനനം നടത്താനാണ് പദ്ധതി. വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗവും സെസും ഇതുസംബന്ധിച്ച് പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
2000 കോടി രൂപയുടെ അധികവരുമാനമാണ് മണല്‍ ഖനനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സ് അടക്കമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഖനനത്തിന്റെ ചുമതല ഏല്‍പ്പിക്കാനാണ് ആലോചന.
പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത തരത്തില്‍ വനം, റവന്യൂ, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."